റാന്നി: ചേത്തയ്ക്കല്‍ – കൂത്താട്ടുകുളം എംഎല്‍എ റോഡിലെ തേയിലപ്പുര പാലം മുതല്‍ 100 മീറ്റര്‍ ദൂരം റോഡില്‍ മെറ്റല്‍ നിരന്ന നിലയില്‍ കണ്ടെത്തി.1.5 ഇഞ്ച് അളവിലുള്ള മെറ്റല്‍ പാലത്തിനു സമീപം ഒരടി ഘനത്തിലാണ് വീണ് കിടന്നിരുന്നത്. രാവിലെ 6.30ഓടെയാണ് ഇതുവഴി ലോഡുമായെത്തിയ ടോറസ് ടിപ്പര്‍ ലോറിയുടെ പിന്നിലൂടെ മെറ്റല്‍ ചോര്‍ന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരന് ലോറി ഡ്രൈവറെ വിവരം അറിയിച്ചെങ്കിലും പ്രതിഷേധം ഭയന്ന് വാഹനം നിര്‍ത്താതെ പോയി. റോഡില്‍ നിരന്ന മെറ്റലില്‍ കയറി പിന്നാലെയെത്തിയ വാഹനങ്ങള്‍ പാളുകയും ചെയ്തു. ചെറിയ കയറ്റവും വളവും ഉള്ളിടത്താണ് മെറ്റല്‍ നിരന്നത്.
രാവിലെ ഇതുവഴിയെത്തിയ വാഹനങ്ങള്‍ മെറ്റലില്‍ കയറി വീല്‍ പുതഞ്ഞ് നില്‍ക്കുകയായിരുന്നു. ചെമ്പനോലിയിലെ ക്രഷറില്‍ നിന്നെത്തിയതാണ് വാഹനം. തകര്‍ന്ന് കിടന്ന റോഡ് പുനരുദ്ധരിച്ചതോടെ ഇതുവഴി ടിപ്പര്‍ ലോറികളുടെ അമിത സഞ്ചാരമാണ്. ഇതുമൂലം മിക്ക സ്ഥലങ്ങളിലും റോഡ് ഇടിഞ്ഞ് താഴുകയും കുഴികള്‍ രൂപപെടുകയും ചെയ്തിട്ടുണ്ട്.
നാട്ടുകാരുടെ പ്രതിക്ഷേധം രൂക്ഷമായതോടെ രാവിലെ ഒന്‍പതോടെ ക്രഷറിലെ തൊഴിലാളികളെത്തി റോഡില്‍ നിരന്ന മെറ്റല്‍ വശത്തേക്ക് മാറ്റി.