140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വര്‍ഷത്തോളം വളരെക്കുറച്ചു കാണിച്ച് തട്ടിപ്പ് നടത്തിയ മീറ്റര്‍ ജീവനക്കാരനെ പിരിച്ചുവിട്ടു.
കരാര്‍ ജീവനക്കാരന്റെ തട്ടിപ്പുമൂലം കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. കുറ്റം സമ്മതിച്ച കരിമണ്ണൂര്‍ സ്വദേശിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.
തൊടുപുഴ സെക്ഷന്‍-1 ഓഫീസിന് കീഴിലെ സീനിയര്‍ സൂപ്രണ്ടിനെയും സീനിയര്‍ അസിസ്റ്റന്റിനെയും സസ്പെന്‍ഡ് ചെയ്തു. എന്തിനാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.
തൊടുപുഴ സെക്ഷനിലെ മീറ്റര്‍ റീഡര്‍മാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. ഈ മാസം പുതിയ ജീവനക്കാരന് റീഡിംഗ് എടുത്തപ്പോഴാണ് ബില്‍ തുകയിലെ പ്രകടമായ മാറ്റം ശ്രദ്ധയില്‍പ്പെട്ടത്.
ശരാശരി 2,000 രൂപ വന്നിരുന്ന വീട്ടില്‍ 35,000 രൂപ വരെയായി ബില്‍ കുത്തനെ ഉയര്‍ന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളാണിവര്‍.
പരാതി ഉയര്‍ന്നതോടെ ഇതിന് മുമ്പ് റീഡിംഗ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു.
ബില്‍ തുക കുറച്ചു നല്കി ഇയാള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്നുള്‍പ്പെടെ വിജിലന്‍സ് അന്വേഷണത്തിലേ വ്യക്തമാകൂ.
കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടോയെന്നും അന്വേഷിക്കും. മീറ്ററുകള്‍ കെഎസ്ഇബിയുടെ പ്രത്യേക സ്ക്വാഡ് പരിശോധിക്കുകയാണ്.
പിരിച്ചുവിട്ട ജീവനക്കാരന്റെ കരിമണ്ണൂരിലെ വീട്ടിലെ മീറ്ററും പരിശോധിക്കും. അന്വേഷണം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
വാഴത്തോപ്പില്‍നിന്ന് പ്രത്യേക സ്ക്വാഡ് വീടുകളിലെത്തി മീറ്ററും മറ്റും പരിശോധിച്ചതിനുശേഷം മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിയാന്‍ കഴിയൂ. നൂറ്റിനാല്പ്പതോളം വീടുകളില്‍ പരിശോധന നടത്തേണ്ടിവരുമെന്നാണ് വിവരം.