ഒരുകാലത്ത് ഭൂമി അടക്കി വാണിരുന്നവരാണ് ഡൈനസോറുകള്‍. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ അവക്ക് വംശനാശം സംഭവിക്കുകയായിരുന്നു. ഇതിന്റെ കാരണത്തെച്ചൊല്ലി ഇപ്പോഴും തര്‍ക്കം തുടരുന്നുണ്ടെങ്കിലും ബഹിരാകാശത്തുനിന്ന് വമ്പനൊരു ഉല്‍ക്ക ഭൂമിയിലേക്ക് പതിച്ചാണ് ഡൈനസോറുകള്‍ ഇല്ലാതാതെന്നാണ് കരുതപ്പെടുന്നത്. ബഹിരാകാശത്തു കാണുന്ന ഇറിഡിയം അടങ്ങിയ ഒരു വിള്ളല്‍ മെക്സിക്കോയില്‍ കണ്ടെത്തിയതാണ് ഈ വിശ്വാസത്തിന് കരുത്തു പകരുന്നത്. ഹിമയുഗത്തിന് സമാനമായ ഒരു കാലം ഭൂമിയില്‍ 12,800 വര്‍ഷം മുന്‍പ് ഭൂമിയില്‍ ആരംഭിച്ചിരുന്നു. ഏകദേശം 1400 വര്‍ഷത്തോളം ഇത് തുടരുകയും ചെയ്തു.
അന്നത്തെ കാലത്തെ ജീവജാലങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പലതും ലഭിച്ചിട്ടുണ്ടെങ്കിലും അത്തരമൊരു തണുപ്പിലേക്ക് നയിച്ചതെന്താണെന്ന് ഇതുവരെ വ്യക്തമായിരുന്നില്ല. ഹിമയുഗത്തെയും താണ്ടി രക്ഷപ്പെട്ടു വന്ന ജീവികളാണ് മാമത്തുകളും വളഞ്ഞ പല്ലുള്ള ഹിമക്കടുവയുമെല്ലാം. പക്ഷേ അതിലും കുറവ് തണുപ്പുള്ള യങര്‍-ഡ്രയസ് കാലത്താണ് മാമത്ത് ഉള്‍പ്പെടെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്. ഇത് ഗവേഷകരില്‍ വന്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാല്‍ യങര്‍-ഡ്രയസ് കാലത്ത് ഭൂമിയില്‍ പതിച്ച ധൂമകേതുവോ ഛിന്നഗ്രഹമോ ആയിരിക്കാം മാമത്തുകളെ കൊന്നൊടുക്കിയതെന്നാണ് ‘പ്ലാറ്റിനം’ കണ്ടെത്തലിന്റെ ബലത്തില്‍ ഇപ്പോള്‍ ഗവേഷകര്‍ വാദിക്കുന്നത്. എന്തായാലും മനുഷ്യര്‍ക്കും ഇവിടെ ഭയക്കാന്‍ കാരണമുണ്ട്. മനുഷ്യവംശത്തിന് ഭീഷണിയായി ഇന്നേവരെ ഒരു ഉല്ക്കയും വന്നിട്ടില്ലെന്നാണ് പറയപ്പെടുന്നത്. പക്ഷേ മാമത്തുകള്‍ക്കൊപ്പം ഒരു നാഗരികത തന്നെയാണ് ഒറ്റയടിക്ക് ഇല്ലാതായിപ്പോയത്.
ക്ലോവിസ് എന്നറിയപ്പെടുന്ന ജനവിഭാഗമായിരുന്നു അത്. കല്ലുകൊണ്ടുള്ള ആയുധങ്ങളും അറ്റം കൂര്‍പ്പിച്ച ആയുധങ്ങളും അസ്ത്രങ്ങളും ഉപയോഗിക്കുന്നതില്‍ പ്രഗത്ഭരായിരുന്നു ഈ വിഭാഗം. 13,200 മുതല്‍ 12,900 വര്‍ഷങ്ങള്‍ക്കു മുന്‍പു വരെയാണ് ഇവരുണ്ടായിരുന്നതെന്നും അവശിഷ്ടങ്ങളില്‍ നിന്നു തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഒരു സുപ്രഭാതത്തില്‍ ഇല്ലാതാവുകയായിരുന്നു. മനുഷ്യകുലത്തിലെ താരതമ്യേന ശക്തരെന്നു കരുതിയിരുന്ന ഈ വിഭാഗത്തെ വേരോടെ പറിച്ചുകളയാന്‍ ഒരൊറ്റ ഛിന്നഗ്രഹം മതിയായിരുന്നുവെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കാരലിന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വസ്തുതകള്‍ കണ്ടെത്തിയത്. എപ്പോള്‍ വേണമെങ്കിലും മനുഷ്യവര്‍ഗം ഒന്നാകെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് ചുരുക്കം.