കൊച്ചി: പാഴ്സൽ സർവീസ് സ്ഥാപനം വഴി 200 കോടിയുടെ മെത്തിലിൻ ഡൈ ഓക്സി മെത്താംഫീറ്റമിൻ (എംഡിഎംഎ) എന്ന മയക്കുമരുന്നു കടത്തിയ സംഭവത്തിൽ കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ എക്സൈസ് സംഘം ചോദ്യം ചെയ്തുവരുന്നു. കേസിലെ മുഖ്യപ്രതി കണ്ണൂർ കടന്പൂർ കുണ്ടത്തിൽ മീരാനിവാസിൽ പ്രശാന്ത് കുമാറിനെ (36) ആണ് അധികൃതർ ചോദ്യം ചെയ്യുന്നത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 10 ദിവസത്തേക്കാണ് പ്രതിയെ എക്സൈസിന്റെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ഇന്നലെ കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ ചോദ്യം ചെയ്തതായും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിൽ കൂട്ടുപ്രതികളെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കസ്റ്റഡി കാലാവധി തീരുംമുന്പേ പ്രതിയെ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം 29നാണ് എംജി റോഡിലെ പാർസൽ സ്ഥാപനത്തിൽനിന്നു 30 കിലോഗ്രാം എംഡിഎംഎ പിടികൂടിയത്. മറ്റൊരു പ്രധാന പ്രതിയായ ചെന്നൈ സ്വദേശി അലി എന്നയാൾക്കായി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
പ്രശാന്ത് കുമാറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ അലിയിലേക്ക് എത്തിപ്പെടാൻ സാധിക്കുമെന്നാണ് എക്സൈസ് സംഘം കരുതുന്നത്. എക്സൈസ് സംഘം അന്വേഷിക്കുന്ന വിവരമറിഞ്ഞ് അലി വിദേശത്തേയ്ക്കു കടന്നിരിക്കാമെന്നും അധികൃതർ സംശയിക്കുന്നു. എംഡിഎംഎ കടത്തിനു പിന്നിൽ വൻ മാഫിയ ഉണ്ടെന്നാണ് എക്സൈസ് കരുതുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
എറണാകുളം എംജി റോഡിൽ ഷേണായീസിനു സമീപം പ്രവർത്തിക്കുന്ന കൊറിയർ കന്പനിയുടെ പാഴ്സൽ പായ്ക്കറ്റിലാണു ലഹരിമരുന്നെത്തിയത്. എട്ടു പാർസൽ പെട്ടികളിലായി തുണിത്തരങ്ങളുടെ ഇടയിൽ കാർബണ്ഷീറ്റുകൾ പൊതിഞ്ഞ നിലയിൽ 64 പായ്ക്കറ്റുകളിലായിരുന്നു മയക്കുമരുന്ന്.
ചെന്നൈ എഗ്മൂറിൽനിന്നു കൊറിയറായി എംഡിഎംഎ കൊച്ചിയിൽ എത്തിച്ചശേഷം എയർ കാർഗോ വഴി മലേഷ്യയിലേക്കു കടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.