കൊച്ചി: യുവനടി അർച്ചന പദ്മിനി നടത്തിയ മീ ടു വെളിപ്പെടുത്തലിനെത്തുടർന്നു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെറിൻ സ്റ്റാൻലിക്കെതിരേയുള്ള നടപടി തുടരുമെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ.
പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്ന അർച്ചന പദ്മിനിയുടെ പരാതിയിൽ ഇയാൾക്കെതിരേ ഫെഫ്ക നടപടിയെടുത്തിരുന്നു. എന്നാൽ അർച്ചന പദ്മിനി ഇയാൾ ഇപ്പോഴും സിനിമയിൽ തുടരുകയാണെന്ന ആരോപണം ഉന്നയിച്ചു. ഈ സാഹചര്യത്തിൽ ആരോപണം സത്യമാണോയെന്ന് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു.
പഴയ നടപടി ഇപ്പോഴും നിലനിൽക്കുകയാണ്. ഷെറിൻ ഇപ്പോഴും ജോലിയിൽ തുടരുന്നുണ്ടോയെന്നു വ്യക്തതയില്ല. ഉണ്ടെങ്കിൽ അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.