സിജോ പൈനാടത്ത്
കൊച്ചി: ബഹളങ്ങളൊഴിയാത്ത മെട്രോ നഗരത്തിനുള്ളിൽ ഹരിതാഭമായ പക്ഷിസങ്കേതം. സംശയിക്കണ്ട, പ്രകൃതിയുടെ വശ്യമായ സൗന്ദര്യക്കാഴ്ചകൾ ലഹരിയാകുന്നവർക്കു കൊച്ചി നഗരമധ്യത്തിലെ മംഗളവനത്തിലേക്കു വരാം. കണ്കുളിർക്കെ കാഴ്ചകൾ കാണാം.
ബഹുനിലമന്ദിരങ്ങൾക്കും നഗരത്തിരക്കുകൾക്കും വിളിപ്പാടകലെ സ്വാഭാവികവനത്തിന്റെ ഊഷ്മളസൗന്ദര്യം നുകരാം. കൊച്ചിയുടെ ഹരിതശ്വാസകോശം എന്നാണു മംഗളവനത്തിനു വിശേഷണം. ഹൈക്കോടതിക്കു പിൻഭാഗത്ത് 2.74 കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന മംഗളവനം കേരളത്തിൽ നഗരാതിർത്തിക്കുള്ളിലുള്ള ഏക പക്ഷിസങ്കേതം കൂടിയാണ്.
കണ്ടൽകാടുകളും മരങ്ങളും വള്ളിച്ചെടികളും ജലാശയങ്ങളും സമന്വയിക്കുന്ന ഈ ഹരിതവനത്തെ 2004 ഓഗസ്റ്റ് 31നാണു പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. 103 ഇനം പക്ഷികൾ മംഗളവനത്തിലുണ്ട്. 17 ഇനം ചിത്രശലഭങ്ങൾ, 51 ഇനം ചിലന്തികൾ. ദേശാടന പക്ഷികൾക്കും മംഗളവനം ആവാസകേന്ദ്രം. വ്യത്യസ്ത ഇനത്തിൽപ്പെട്ട അനവധി മരങ്ങളും ചെടികളും ഇവിടെയുണ്ട്. നിലവിൽ മംഗളവനമായി സംരക്ഷിക്കപ്പെടുന്ന പ്രദേശത്തു പണ്ട് സംസ്ഥാന സർക്കാരിനു കീഴിലുള്ള മരം ഡിപ്പോയാണ് പ്രവർത്തിച്ചിരുന്നത്.
ഫെറി സൗകര്യം കണക്കിലെടുത്താണു 1981 വരെ ഈ സ്ഥലം മരം ഡിപ്പോയായി പ്രവർത്തിച്ചത്. ഇപ്പോൾ സംസ്ഥാന വനം, വന്യജീവി വകുപ്പിന്റെ നിയന്ത്രണത്തിലാണു മംഗളവനം. ഇവിടം സന്ദർശിക്കാനും പക്ഷികളെ നിരീക്ഷിക്കാനും പ്രകൃതിപഠനത്തിനും വിനോദത്തിനുമായി നൂറുകണക്കിനു സഞ്ചാരികളാണു ദിവസവും എത്തുന്നത്.
പ്രകൃതിസഹവാസ ക്യാന്പുകൾക്കുള്ള സൗകര്യങ്ങൾ, പക്ഷിനിരീക്ഷണത്തിനായി വാച്ച് ടവറുകൾ, ക്ലാസ് മുറികൾ, ഗസ്റ്റ് ഹൗസുകൾ എന്നിവയും മംഗളവനത്തിലുണ്ട്. രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറുവരെ മംഗളവനം സന്ദർശിക്കാം. പ്രവേശനം സൗജന്യം. ഫോൺ: 0484-2468680.