കൊച്ചി: മെട്രോയുടെ ഓരോ ചലനവും നിയന്ത്രിക്കുക ഒസിസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓപ്പറേഷന് ആന്‍ഡ് കണ്ട്രോള് സെന്റര്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കൊച്ചി മെട്രോയുടെ നെര്‍വ് സെന്ററാണ് ഒസിസി. കൊച്ചി മെട്രോയുടെ മുട്ടം യാര്‍ഡിലെ മൂന്നു നിലകളുള്ള 44,000 ചതുരശ്ര അടിയുള്ള കെട്ടിടത്തില്‍നിന്നാണു കൊച്ചി മെട്രോയുടെ പൂര്‍ണ നിയന്ത്രണം.
ഏത് ട്രെയിന്‍, എപ്പോള്‍, എവിടെയെന്നു തുടങ്ങി പൂര്‍ണ വിശദാംശങ്ങള്‍. മെട്രോയിലെ ഓരോ ചെറു ചലനങ്ങളും ഒസിസിയില്‍ മുന്‍ നിശ്ചയപ്രകാരം പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്നു.
ട്രെയിനുകളുടെ നിയന്ത്രണം മാത്രമല്ല, സ്റ്റേഷനുകളുടെ നിയന്ത്രണമടക്കമുള്ള എല്ലാ കാര്യങ്ങളും ഈ വിദൂര നിയന്ത്രണ കേന്ദ്രത്തിലാണു നടക്കുന്നത്. സിഗ്നലിംഗ് ഉപകരണങ്ങള്‍, കേന്ദ്രീകൃത നിയന്ത്രണ ഉപകരണങ്ങള്‍, ഡിപ്പോ സിഗ്നലിംഗ് ഉപകരണങ്ങള്‍, ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചാണു വിവിധ നിലകളിലായുള്ള ക്രമീകരണം.
ഇവിടെ സ്ഥാപിച്ചിട്ടുള്ള നെടുങ്കന്‍ സ്ക്രീനില്‍ മെട്രോ ട്രെയിനുകള്‍ ഓരോന്നും ഓടുന്നതു കാണാം. ഒന്നാം നിലയിലെ വിശാലമായ മുറി നിറയുന്ന സ്ക്രീനാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ഡ്രൈവര്‍ലെസ് മെട്രോയാണ് കൊച്ചിയിലേത്. കമ്യൂണിക്കേഷന്‍ ബെയിസ്ഡ് ട്രെയിന്‍ കണ്ട്രോള് സിസ്റ്റം (സിബിടിസി) എന്ന സാങ്കേതിക സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഡ്രൈവറാണ് മെട്രോ ട്രെയിനുകള്‍ ഓടിക്കുന്നതെങ്കിലും പിന്നീട് ഇത് ഡ്രൈവര്‍ ഇല്ലാതെ ഓടുന്നതായി മാറും. അതിനാവശ്യമായ എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത് ഒസിസിയിലാണ്.
സിഗ്നലിംഗ് ലാബിനും സെന്‍ട്രല്‍ കംപ്യൂട്ടര്‍ സെര്‍വര്‍ കേന്ദ്രത്തിനും റെക്കോഡ് റൂമിനും മറ്റും വിശാലമായ ഇടങ്ങളാണ്
ഒരുക്കിയിരിക്കുന്നത്. ഒസിസി കെട്ടിടത്തിന്റെ താഴെ നിലയുടെ മുറ്റത്തും ഒന്നാം നിലയിലെ കോര്‍ട്ട് യാര്‍ഡിലും മനോഹരമായ ഉദ്യാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഒസിസി അടക്കം ഒന്‍പതോളം പ്രധാന കെട്ടിടങ്ങളാണ് ആലുവയ്ക്കടുത്തുള്ള മുട്ടത്തെ മെട്രോ യാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നത്.
വര്‍ക്ക്ഷോപ്പ് കെട്ടിടം, സ്റ്റേബ്ലിംഗ് കം ഇന്സ്പെക്ഷന് കം ഇന്റേണല്‍ ക്ലീനിംഗ് ഷെഡ്, പിറ്റ്വീല് ലേത്ത് ഷെഡ്, ഡിപ്പോ കണ്ട്രോള് ഓഫീസ് സ്റ്റോര്‍, പെര്‍മനന്റ് വേ ബില്‍ഡിംഗ്, ഒരു പ്രധാന സബ് സ്റ്റേഷനും രണ്ടു അനുബന്ധ സ്റ്റേഷനുകളും അടക്കമുള്ള മൂന്നു വൈദ്യുതി സബ് സ്റ്റേഷനുകള്‍ തുടങ്ങിയവയാണ് പ്രധാന കെട്ടിടങ്ങള്‍. മൂന്നു ലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളാണ് മുട്ടത്തെ യാര്‍ഡില്‍ നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒസിസി കെട്ടിടം.
കൊച്ചി മെട്രോയ്ക്കായി ആദ്യം നിര്‍മാണം ആരംഭിക്കുന്നതും കരാര്‍ നല്‍കുന്നതും മുട്ടം യാര്‍ഡിനു വേണ്ടിയാണ്. 58 ഏക്കര്‍ സ്ഥലമാണ് മുട്ടത്ത് ഏറ്റെടുത്തത്. ഇതില്‍ 39 ഏക്കര്‍ സ്ഥലത്താണ് യാര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. ശേഷിക്കുന്ന സ്ഥലത്ത് ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങള്‍ നിര്‍മിക്കും.
ഒരു മാസം മുന്‍പാണ് എല്ലാ സംവിധാനങ്ങളും ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി ഒസിസി കെട്ടിടം നിര്‍മാണ ചുമതല വഹിക്കുന്ന ഡിഎംആര്‍സി കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ക്കു കൈമാറിയത്. കെഎംആര്‍എല്‍ ഇവിടെ ജീവനക്കാരെയും പൂര്‍ണമായും നിയോഗിച്ചു കഴിഞ്ഞു.