കൊച്ചി: യാത്രക്കാരെയും കയറ്റി സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി കൊച്ചി മെട്രോ നടത്തുന്ന പരീക്ഷണ ഓട്ടത്തില്‍ ട്രെയിനുകളുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തി.
രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ പത്തുമിനിറ്റ് ഇടവേളയില്‍ അഞ്ച് ട്രെയിനുകളാണ് ഇന്നലെ പരീക്ഷണ ഓട്ടം നടത്തിയത്. ആകെ 142 സര്‍വീസുകൾ നടന്നു. പത്തു മിനിറ്റിന്റെ ഇടവേളയില്‍ സര്‍വീസ് നടത്താനാണ് കെഎംആര്‍എല്‍ അധികൃതര്‍ തീരുമാനിച്ചതെങ്കിലും 11.05 മിനിറ്റ് ഇടവിട്ടാണു ട്രെയിന്‍ ഓടിയത്.
തിങ്കളാഴ്ച വരെ നാലു ട്രെയിനുകളാണ് ഉപയോഗിച്ചിരുന്നത്. ഇന്നും അഞ്ചു ട്രെയിനുകള്‍ ഓടുമെന്നു കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി. ഒരു ട്രെയിന്‍ കൂടുതലായി ഏര്‍പ്പെടുത്തിയതോടെ സമയത്തിനു മാറ്റം വന്നു.
സിഗ്നലിംഗ്, പാസഞ്ചര്‍ അനൗണ്‍സ്മെന്റ്, ട്രെയിനിനകത്തും സ്റ്റേഷനിലുമുള്ള ഡിസ്പ്ലേ സംവിധാനങ്ങള്‍, കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്ട്രോള് സിസ്റ്റം (സിബിടിസി) തുടങ്ങിയവയെല്ലാം ട്രയല്‍ സര്‍വീസിനൊപ്പം പരീക്ഷിക്കുന്നുണ്ട്.