കേരളീയര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ദിനം തൊട്ടുമുന്നിലെത്തി. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് 17ന് പരിസമാപ്തിയാകുമ്പോള്‍ ഏറെ അദ്ഭുതങ്ങളുമായി ഉയര്ന്നുനില്ക്കുന്ന കൊച്ചി മെട്രോ അവസാനഘട്ട ഒരുക്കത്തിലാണ്. ഇതുവരെ കാണാത്തത്ര ഒത്തൊരുമയും സാങ്കേതിക വിദ്യകളുമാണു മെട്രോ നിര്‍മാണത്തില്‍ കാണാനായത്. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടംവരെയുള്ള 13 കിലോമീറ്റര്‍ ദൂരത്തിലാണു കൊച്ചി മെട്രോ സര്‍വീസ് നടത്തുക. ഇതിനിടയിലുള്ള 11 സ്റ്റേഷനുകള്‍ പൂര്‍ണ സജ്ജമായിട്ടുണ്ട്. യാത്രികരെ സ്വാഗതം ചെയ്യാനൊരുങ്ങുന്ന മെട്രോ സ്റ്റേഷനുകളുടെയും കോച്ചുകളുടെയും പ്രത്യേകതകളിലേക്കും സവിശേഷതകളിലേക്കും ഒരെത്തിനോട്ടം.
പ്രകൃതിയും സംസ്കാരവും ഒത്തുചേരുന്ന സ്റ്റേഷനുകൾ
മെട്രോ സ്റ്റേഷനുകള്‍ കേരളത്തിലെ പ്രകൃതിയും സംസ്കാരവും വിളിച്ചോതുന്നതാണ്. ടിക്കറ്റ് എടുക്കുന്നിടം മുതല്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നതുവരെയുള്ള യാത്ര ഏവരെയും ആശ്ചര്യപ്പെടുത്തും. ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനുകളില്‍ സംസ്ഥാനത്തിന്റെ കലാ സാംസ്കാരിക പാരമ്പര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിമാനത്താവളത്തില്‍ എത്തിയ പ്രതീതിയാകും ഏവര്‍ക്കും അനുഭവപ്പെടുക. വിശാലമായ സ്റ്റേഷനുകളില്‍ വഴിതെറ്റുമോയെന്ന ഭയവും വേണ്ട. പ്ലാറ്റ്ഫോമുകള് തെരഞ്ഞെടുക്കാനും അകത്തേക്കും പുറത്തേക്കുമുള്ള വഴിയുമൊക്കെ രേഖപ്പെടുത്തിയ സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എടിഎം കൗണ്ടറുകളും വെള്ളവും ലഘു ഭക്ഷണസാധനങ്ങൾ ലഭിക്കുന്ന കഫെറ്റേരിയകളും ചില സ്റ്റേഷനുകളില്‍ തയാറായിക്കഴിഞ്ഞു. വിവിധ തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങളടക്കം ഒരുക്കിയിട്ടുള്ള മെട്രോ സ്റ്റേഷനുകളില്‍ ഇതര സേവനങ്ങളും ലഭ്യം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കൊച്ചി മെട്രോ തകര്‍ത്തു തിമിര്‍ത്തു.
എല്ലാം ആധുനികം
പ്രധാന കവാടം കഴിഞ്ഞു പടികള്‍ കയറിയോ എലിവേറ്ററില്‍ കയറിയോ വേണം ടിക്കറ്റ് കൗണ്ടറിലും പ്ലാറ്റ്ഫോമിലുമെത്താന്. മെട്രോ സ്റ്റേഷനുകളെല്ലാം എലിവേറ്റഡ് സ്റ്റേഷനുകളാണ്. സ്റ്റേഷനുകളുടെ ഉള്‍വശത്തെ ടിക്കറ്റില്ലാതെ പ്രവേശിക്കാവുന്ന ഫ്രീ സോണെന്നും ടിക്കറ്റെടുത്തവര്‍ക്കു മാത്രം പ്രവേശനമുള്ള പെയ്ഡ് സോണെന്നും രണ്ടായി തിരിക്കാം. ഫ്രീസോണിലാണു ടിക്കറ്റ് കൗണ്ടറുള്ളത്. ഒറ്റയാത്രയ്ക്കുള്ള ക്യു ആര് ടിക്കറ്റ് മുതല്‍ സ്ഥിരയാത്രക്കാര്‍ക്കുള്ള കാര്‍ഡുകള്‍ ലഭിക്കുന്നതും അവ റീച്ചാര്‍ജ് ചെയ്യുന്നതും ഇവിടെയാണ്. ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിനകത്തു പ്രവേശിക്കുന്നതിനുമുമ്പ് കൈയിലുള്ള ബാഗുകളും മറ്റു ലഗേജുകളും എക്സ്റേ പരിശോധയ്നക്കു വിധേയമാക്കണം. തുടര്‍ന്നു യാത്രക്കാരും എക്സ്റേ കവാടത്തിലൂടെ അകത്തു കടന്ന് എക്സ്റേ സകാനര്‍ മെഷീനില്‍നിന്നും ബാഗുകള്‍ ശേഖരിക്കണം. ഗേറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രത്യേക സ്ഥലത്തു ടിക്കറ്റ് കാണിച്ചാല്‍ ഗേറ്റ് തുറക്കും. ഭിന്നശേഷിയുള്ളവര്‍ക്കായി വീതി കൂടുതലുള്ള പ്രത്യേക കവാടങ്ങളുമുണ്ട്. വീല്‍ ചെയറിന്റെ സഹായത്തോടെ എത്തുന്ന യാത്രക്കാരുടെ സൗകര്യത്തിനാണ് ഇത്. മറ്റുള്ള ഗേറ്റുകളേക്കാള് അല്പനേരം കൂടി കൂടുതല്‍നേരം ഈ ഗേറ്റുകള്‍ തുറന്നിരിക്കും. ഭിന്നശേഷിയുള്ളവര്‍ക്കും കുട്ടികള്‍ക്കും ടിക്കറ്റ് എടുക്കാന്‍ പാകത്തില്‍ ഉയരം കുറഞ്ഞ കൗണ്ടറുകളും സ്റ്റേഷനുകളില്‍ സജ്ജമാക്കിയിട്ടുണ്ട്.
സഹായത്തിന് ആളുണ്ട്
എല്ലാ സ്റ്റേഷനുകളിലും ഉപഭോക്തൃ സേവന കേന്ദ്രങ്ങളുണ്ട്. ടിക്കറ്റ് കാണിച്ച് അകത്തേക്കും പുറത്തേക്കും പോകാനുള്ള ഇലക്ട്രോണിക് കവാടത്തിനടുത്തായാണ് ഇവയുടെ സ്ഥാനം. എന്തെങ്കിലും കാരണവശാല്‍ ടിക്കറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കിലും യാത്രക്കാര്‍ക്കു മറ്റെന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിട്ടാലും ഇവിടെ സമീപിക്കാം. ടിക്കറ്റെടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും ഉപഭോക്തൃ സേവന കേന്ദ്രങ്ങളെ ആശ്രയിക്കാം. നിയമവിരുദ്ധമായി ടിക്കറ്റ് ഉപയോഗിച്ചാല്‍ പിഴ ഈടാക്കുന്നതും ഈ കേന്ദ്രങ്ങളാണ്.
കരുതലുണ്ടെങ്കിലും സൂക്ഷിക്കണം
ടിക്കറ്റ് കാണിച്ച് അകത്തുകയറിയാല്‍ സ്റ്റേഷനിലെ പെയ്ഡ് സോണില്‍ എത്തി. ഇനി നമ്മുടെ ട്രെയിന്‍ ഏത് പ്ലാറ്റ്ഫോമിലാണു വരുന്നതെന്ന് അറിയണം. അതിനായി സ്റ്റേഷനില്‍ പ്രവേശിക്കുന്നതു മുതല്‍ പ്ലാറ്റ്ഫോമില്വരെ ഡിസ്പ്ളേ സ്ക്രീനുകള്‍ വച്ചിട്ടുണ്ടാകും. ട്രെയിന്‍ വരുന്ന പ്ലാറ്റ്ഫോം, എത്ര മിനിട്ടിനുള്ളില്‍ എത്തിച്ചേരും തുടങ്ങിയ വിവരങ്ങള്‍ ഇവിടെനിന്നു ലഭ്യം. പ്ലാറ്റ്ഫോമിലേക്കുള്ള വഴി കാണിക്കാനും സൈന്‍ ബോര്‍ഡുണ്ട്. ലിഫ്റ്റ് ഉപയോഗിച്ചോ, എലിവേറ്ററിലൂടെയോ, നടപ്പാതയിലൂടെയോ പ്ലാറ്റ്ഫോമിലെത്താം. പരിസരം വീക്ഷിച്ചുള്ള നടപ്പിനിടെ പ്ലാറ്റ്ഫോം മാറിപ്പോയാല്‍ പാളം മുറിച്ചു കടന്ന് അപ്പുറത്തെത്താന് പറ്റില്ല, ഫ്ലൈ ഓവറുകളുമില്ല. പകരം വന്നവഴി തിരിച്ചുവന്ന് അടുത്ത പ്ലാറ്റ് ഫോമിലെത്തണം. അതുകൊണ്ടു കൃത്യമായ പ്ലാറ്റ്ഫോം മനസിലാക്കിയിട്ടുവേണം അകത്തു കയറാന്‍.
മഞ്ഞവര ശ്രദ്ധിക്കണം
ഇന്ത്യയിലെ മെട്രോകളിൽ ആദ്യമായാണ് പാളത്തിനോട് ചേർന്നു തന്നെ മെട്രോ ട്രെയിൻ സഞ്ചരിക്കാനാവശ്യമുള്ള വൈദ്യുത ബന്ധം (തേർഡ് ട്രാക്ഷൻ) സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റേഷനുകളില്‍ രണ്ട് പ്ലാറ്റ്ഫോമുകളാണുള്ളത്. റെയില്‍ പാളത്തിലേക്കു നോക്കിനിന്നാല്‍ നമ്മുടെ ഇടതു വശത്തേക്കു മാത്രമായിരിക്കും എല്ലായ്പ്പോഴും മെട്രോ ട്രെയിന്‍ സഞ്ചരിക്കുന്നത്. ആ ദിശ മനസിലാക്കിയും പ്ലാറ്റ്ഫോം തെരഞ്ഞെടുക്കാം.
ട്രെയിന്‍ വരുന്ന സമയവും എത്ര മിനിട്ടിനുള്ളില്‍ ട്രെയിന്‍ എത്തിച്ചേരുമെന്നും കാണിക്കുന്ന ഡിസ്പ്ലേ സ്ക്രീനുകള്‍ പ്ലാറ്റ് ഫോമിലുമുണ്ടാകും. നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ അനൗൺസ്മെന്റുകളായി ലഭിച്ചുകൊണ്ടിരിക്കും.
പ്ലാറ്റ്ഫോമില്‍ അടയാളപ്പെടുത്തിയിട്ടുള്ള മഞ്ഞ വര മുറിച്ചു കടക്കാതിരിക്കാന്‍ യാത്രികര്‍ പ്രത്യേകം ശ്രദ്ധിക്കണം. വേഗത്തിലെത്തുന്ന ട്രെയിന്‍ തട്ടി അപകടമുണ്ടാകാതിരിക്കാനും ട്രാക്കിലേക്കു വീണുപോകാതിരിക്കാനുമുള്ള മുന്‍കരുതലാണ് ഈ മഞ്ഞ വര. ആരെങ്കിലും അബദ്ധത്തില്‍ വീണുപോയെങ്കിലും ഭയക്കേണ്ടതില്ല. തേർഡ് ട്രാക്ഷനിൽ നിന്നും വൈദ്യുതി വിഛേദിക്കാനുള്ള എമര്‍ജന്‍സി ഡ്രിപ്പ് സിസ്റ്റം പ്ലാറ്റ് ഫോമിന്റെ രണ്ടു ഭാഗത്തും തയാറാക്കിയിട്ടുണ്ട്. ഇതിനു പുറമേ എമര്‍ജന്‍സി സ്റ്റോപ്പ് ലോഞ്ചര്‍ എന്ന മറ്റൊരു സംവിധാനവുമുണ്ട്. ഈ ബട്ടണ്‍ പ്രവര്‍ത്തിപ്പിച്ചാല്‍ സ്റ്റേഷനിലേക്കു ട്രെയിൻ കടക്കാതെ നിര്‍ത്തുകയുമാകാം. അനാവശ്യമായി ഉപയോഗിച്ചാല്‍ തടവും പിഴയും ലഭിക്കുമെന്ന കാര്യവും ശ്രദ്ധിക്കണം. സ്റ്റേഷനില്‍ ട്രെയിനെത്തിയാല്‍ വാതില്‍ താനേ തുറക്കും. ഇനി അകത്തു കയറി യാത്ര തുടങ്ങാം.
ഭിന്നശേഷിയുള്ളവര്‍ക്ക് നൂതന സൗകര്യങ്ങള്‍
ഭിന്നശേഷിയുള്ളവരുടെ യാത്രാ സൗകര്യത്തിനു പ്രത്യേക സംവിധാനങ്ങളാണു സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ളത്. കാഴ്ചശക്തി ഇല്ലാത്തവര്‍ക്കുവേണ്ടി സ്റ്റേഷനുകളിലുടനീളം പ്രത്യേകതരം ടാക്ടൈല്‍ വിരിച്ചിട്ടുണ്ട്. കാലുകൊണ്ടോ വാക്കിംഗ് സ്റ്റിക്കുകൊണ്ടോ തടഞ്ഞു കണ്ടുപിടിക്കാവുന്ന പ്രത്യേക തരം ടൈലാണു ടാക്ടൈൽ. ഈ ടൈലുകളുടെ സഹായത്തോടെ കാഴ്ചയില്ലാത്തവര്‍ക്കു കൃത്യമായി ടിക്കറ്റ് കൗണ്ടറുകളിലേക്കും സ്റ്റേഷന്റെ ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിനു മുന്നിലും എത്താം. ലിഫ്റ്റില്‍ കയറിയാല്‍ ഇറങ്ങുന്നിടത്തും ഇതേ ടൈലുകൾ പാകിയിട്ടുണ്ട്. ഈ പാതയിലൂടെ നടന്നാല്‍ ഇത്തരം യാത്രക്കാലക്കായി മെട്രോയില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സീറ്റുകള്‍ അടങ്ങിയ കോച്ചുകളിലെ വാതിലിന്റെ മുന്നില്‍തന്നെ എത്താന്‍ കഴിയും. കാഴ്ചയില്ലാത്തവര്‍ക്കു ബ്രെയിലി ലിപിയിലും ശബ്ദമായും നിര്‍ദേശങ്ങള്‍ എലിവേറ്ററുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇവരെ സഹായിക്കാന്‍ വോളണ്ടിയര്‍മാരുടെ സേവനവും സ്റ്റേഷനുകളിലുണ്ടാകും. ഭിന്നശേഷി ഉള്ളവര്‍ക്കായി വീല്‍ചെയറിലെത്തി ഉപയോഗിക്കാന്‍ സൗകര്യത്തിനു പ്രത്യേക ശൗചാലയങ്ങളും സ്റ്റേഷനുകളിലുണ്ട്.
വാതിലുകളും ഒരു സംഭവം തന്നെ
ഡര് ഒബ്സ്റ്റക്കിള്‍ ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാതിലുകളാണു മെട്രോയ്ക്കുള്ളത്. സ്വയം അടയുകയും തുറക്കുകയും ചെയ്യുന്ന വാതിലുകളില്‍ യാത്രികര്‍ ഒരിക്കലും കുടുങ്ങില്ല. വാതിലിനിടയില്‍ എന്തെങ്കിലും തടസമുണ്ടെങ്കില്‍ വാതിലുകളില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സര്‍ പ്രവര്‍ത്തിച്ച് വാതില്‍ അടയുന്നതില്നിന്നും തടയും. ശേഷം മൂന്നു തവണ വാതില്‍ കുറഞ്ഞ വേഗത്തില്‍ അടയാന്‍ ശ്രമിക്കും. ഇതിനിടെ തടസം മാറിയാല്‍ വാതില്‍ സ്വയം അടയും, അല്ലെങ്കില്‍ പൂര്‍ണമായും തുറക്കും. ഇങ്ങനെ വാതില്‍ പൂര്‍ണമായും തുറന്നാല്‍ പിന്നെ ഈ വാതില്‍ സ്വയം അടയില്ല. വാതില്‍ അടയാതെ ട്രെയിന്‍ നീങ്ങിത്തുടങ്ങുകയുമില്ല. യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന വാതിലുകള്് ആയതിനാല്‍ മെട്രോ ട്രെയിനിന്റെ വാതിലുകള്‍ യാത്രക്കാര്‍ക്ക് അടയ്ക്കാനോ തുറക്കാനോ കഴിയില്ല. ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വാതില്‍ അടയ്ക്കാനും തുറക്കാനും സാധിക്കും. 19 മില്ലി മീറ്റര്‍ വ്യാസമുള്ള ദണ്ഡും 15 മില്ലി മീറ്റര്‍ വണ്ണമുള്ള കവചവുമാണ് ഈ സംവിധാനത്തിനായി വാതിലില്‍ ഘടിപ്പിച്ചിട്ടുള്ളത്. വാതിലിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള തടസം വരികയാണെങ്കില്‍ ഈ രണ്ടു സംവിധാനങ്ങളും പ്രവര്‍ത്തിക്കും. തടസത്തില്‍ തട്ടി തുറക്കുന്ന വാതില്‍ മൂന്നാമത് അടയാന്‍ ശ്രമിക്കുമ്പോഴും തടസം അവിടെ തന്നെ തുടരുകയാണെങ്കില്‍ വാതില്‍ പൂര്‍ണമായും തുറക്കും. അതോടെ ട്രെയിൻ ഓപ്പറേറ്റര്‍ക്ക് ഇതു സംബന്ധിച്ച വിവരം ലഭിക്കും. പ്രത്യേക സാഹചര്യങ്ങളില്‍ വാതിലുകള്‍ കൈകള്‍കൊണ്ട് അടയ്ക്കാനും തുറക്കാനുമുള്ള സംവിധാനം ട്രെയിന്‍ ഓപ്പറേറ്ററുടെ കാബിനില്‍ ഉണ്ടായിരിക്കും. അതിനായുള്ള സംവിധാനം പ്രവര്‍ത്തിപ്പിച്ചശേഷം ട്രെയിന്‍ ഓപ്പറേറ്റര്‍ നേരിട്ടെത്തി തടസമെന്താണെന്നു പരിശോധിച്ച് ഇത് മാറ്റിയശേഷം വാതില്‍ കൈകൾകൊണ്ടു വലിച്ച് അടയ്ക്കും. പിന്നീട് കൊച്ചിയുടെ സൗന്ദര്യം ആസ്വദിച്ച് മുന്നോട്ടുള്ള യാത്ര.
ഒറ്റ കാർഡിൽ യാത്രയും ഷോപ്പിംഗും
മെട്രോയിലെ ആദ്യയാത്രയ്ക്കു ക്യു ആര് കോഡ് ടിക്കറ്റുകളാണ് ഉപയോഗിക്കുക. സേവനം ആരംഭിച്ച് ആദ്യ നാളുകളില്‍ മാത്രമാകും ക്യുആര്‍ കോഡ് ടിക്കറ്റുകള്‍ ഉപയോഗിക്കുക. ഈ ടിക്കറ്റ് ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ മെട്രോയാണെന്നതും കൊച്ചി മെട്രോയുടെ പ്രത്യേകതയാണ്. ക്യു ആര് കോഡ് ടിക്കറ്റിനു പുറമെ ഒന്നിലധികം ഉപയോഗത്തിനായുള്ള സ്മാര്‍ട്ട് കാര്‍ഡ് ടിക്കറ്റും ഉണ്ടാകും. ആക്സിസ് ബാങ്കുമായി സഹകരിച്ചാണു സ്മാര്‍ട്ട് കാര്‍ഡ് ടിക്കറ്റുകള്‍ തയാറാക്കിയിരിക്കുന്നത്. യാത്രയ്ക്കു മാത്രമല്ല ഷോപ്പിംഗിനും ഈ കാര്‍ഡ് ഉപയോഗിക്കാം. ഉദ്ഘാടന ദിവസം പ്രധാനമന്ത്രിയാണു സ്മാര്‍ട് കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. സ്മാര്‍ട് കാര്‍ഡുകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ സമയം വേണമെന്നതിനാലാണ് ആദ്യ ദിനങ്ങളില്‍ തല്ക്കാലം ക്യു ആര് കോഡ് ടിക്കറ്റുകള്‍ മാത്രം ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ക്യു ആര് ടിക്കറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഒരു യാത്രയ്ക്കു മാത്രം ഉപയോഗിക്കാവുന്ന ടിക്കറ്റുകളാണ് ഇവ. യാത്ര ചെയ്യേണ്ട സ്റ്റേഷനിലേക്കു ടിക്കറ്റ് കൗണ്ടറുകളില്‍നിന്ന് ക്യു ആര് കോഡ് ടിക്കറ്റുകള്‍ ലഭിക്കും. ഈ ടിക്കറ്റ് പ്ലാറ്റ്ഫോമിലേക്കുള്ള കവാടത്തിലെ ആര്‍എഫ് ഐഡി മെഷിനിലെ ക്യൂആര്‍ കോഡ് സ്കാനറില്വച്ച് സ്കാന്‍ ചെയ്താല്‍ മാത്രമേ ഗേറ്റ് വേ തുറക്കുകയുള്ളൂ. പ്ലാറ്റ്ഫോമിലേക്കു കടക്കുന്നതിനും പുറത്തിറങ്ങുന്നതിനുമായി രണ്ടു തവണ മാത്രമേ ക്യൂ ആര് കോഡ് ടിക്കറ്റുകള്‍ സ്കാന്‍ ചെയ്യാന്‍ പാടുള്ളൂ. ആലുവയില്‍നിന്നു കളമശേരിയിലേക്കാണു ടിക്കറ്റ് എടുത്തതെങ്കില്‍ കളമശേരി വരെയുള്ള ഏതു സ്റ്റേഷനിലും പുറത്തിറങ്ങാം. ടിക്കറ്റിലുള്ള ലക്ഷ്യസ്ഥലത്തിനപ്പുറത്തേക്കു യാത്ര ചെയ്യാനാവില്ല. കാരണം തിരിച്ചിറങ്ങുന്പോഴും ടിക്കറ്റ് സ്കാൻ ചെയ്തെങ്കിൽ മാത്രമേ പുറത്തുകടക്കാനാകൂ. പിടിക്കപ്പെട്ടാൽ പിഴയടയ്ക്കേണ്ടിവരികയും ചെയ്യും.
മെട്രോയുടെ കരുത്ത് വനിതാ ജീവനക്കാര്‍
മെട്രോയ്ക്കു കരുത്തായി വനിതാ ജീവനക്കാരുടെ വന്സംഘമാണുള്ളത്. ലോക്കോ പൈലറ്റുമാരായ ഏഴു പേരുള്‍പ്പെടെ 67 വനിതകള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. സ്റ്റേഷന് പരിപാലനം, ടിക്കറ്റ് വിതരണം, കസ്റ്റമര്‍ ഹെല്പ് ലൈന്‍ എന്നീ വിഭാഗങ്ങളിലായി 562 കുടുംബശ്രീ പ്രവര്‍ത്തകരും മെട്രോയുടെ ഭാഗമായുണ്ട്. ടിക്കറ്റ് വിതരണം, ശുചീകരണം, പാര്‍ക്കിംഗ് എന്നിവ പെണ്‍കരുത്തില്‍ ഭദ്രമാണ്. വനിതാജീവനക്കാരുടെ വലിയപ്രാതിനിധ്യംമൂലം കൂടുതല്‍ ഔന്നത്യങ്ങളിലേക്ക് ഉയര്‍ന്നിരിക്കുകയാണു കൊച്ചി മെട്രോ.
ഇനി ഒരല്പം ഫ്ളാഷ് ബാക്ക്
2002ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണു കൊച്ചി മെട്രോയെന്ന ആശയം കൊണ്ടുവരുന്നത്. 2005 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി. വിവിധ കാരണങ്ങളാല്‍ നീണ്ടുപോയ പദ്ധതി 2012ല്‍ പുനരാരംഭിച്ചു. 2012 ജൂലൈ മൂന്നിനു പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുകയും സെപ്റ്റംബര്‍ 13ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിംഗ് തറക്കല്ലിടുകയും ചെയ്തു. മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത് 2013 ജൂണ്‍ ഏഴിനാണ്. മൂന്നു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ആദ്യഘട്ടമായ 13 കിലോ മീറ്റര്‍ പദ്ധതി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം കൂടുതല്‍ വേണ്ടിവന്നു. ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ള മെട്രോകളൊന്നും നാലുവര്‍ഷംകൊണ്ട് ഉദ്ഘാടന ഓട്ടം നടത്തിയിട്ടില്ലെന്നതു കൊച്ചി മെട്രോയുടെ മികവ് തെളിയിക്കുന്നു. വൈകിയെന്നു പരാതി പറയാനിടവരുത്താത്തവിധമുള്ള നിര്‍മാണ ഏജന്‍സികളുടെ കൃത്യതയും സൂക്ഷ്മതയുമാണ് ഇതിന് സഹായകമായത്.
മെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ മുതല്‍ പൂര്‍ത്തീകരണംവരെയുള്ള എല്ലാ ഘട്ടങ്ങളിലും തെളിഞ്ഞ നിര്വഹണമികവ് ശ്രദ്ധേയമാണ്. കൊച്ചിയില്‍ റോഡിനു നടുവിലൂടെ കാര്യമായ ഗതാഗത തടസങ്ങളില്ലാതെ, സുരക്ഷിതമായി മെട്രോ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതു മികവുതന്നെയാണ്. ഇതിന് ഇന്ത്യയുടെ മെട്രോമാനായ ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡിഎംആര്‍സി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനോടു കേരളീയര്‍ ഏറെ കടപ്പെട്ടിരിക്കുന്നു. കൊച്ചി മെട്രോയുടെ നിര്‍മാണം ഡിഎംആര്സിക്കായിരുന്നെങ്കില് മെട്രോ നടത്തിപ്പു ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെഎംആര്‍എല്‍) ആണ്. കെഎംആര്‍എല്‍ ടീമിനു നിശ്ശബ്ദമായി നായകത്വം വഹിക്കുന്ന മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജിന്റെ നേതൃപാടവവും അഭിനന്ദനാര്‍ഹമാണ്. സമയാസമയങ്ങളിലുള്ള കടമ്പകളെല്ലാം ഒരു വിട്ടുവീഴ്ചയുമില്ലാതെ അദ്ദേഹം ഏറ്റെടുത്തു നിര്വഹിച്ചപ്പോള് കൊച്ചിയുടെ ഹൃദയത്തില്‍ ഉയര്‍ന്നതു കേരളീയരുടെ അഭിമാനം.
ഇപ്പോള്‍ പൈലറ്റുള്ള ട്രെയിനാണ് ഓടിക്കുന്നതെങ്കിലും ഭാവിയില്‍ ഡ്രൈവറില്ലാതെതന്നെ കൊച്ചി മെട്രോ ഓടിക്കാം. എംജി റോഡില്‍ മഹാരാജാസ് കോളജ് സ്റ്റേഷനിലേക്കും തൃപ്പൂണിത്തുറയിലേക്കും വൈകാതെ മെട്രോ എത്തുമെന്നാണു പ്രതീക്ഷ. കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട വികസനത്തോടൊപ്പം നെടുമ്പാശേരി രാജ്യാന്തര വിമാനത്താളത്തിലേക്കും മെട്രോ എത്തിയാല്‍ അതു വികസനത്തിന് ആക്കംകൂട്ടും. കേരളത്തിനു മികവുള്ള മെട്രോ സമ്മാനിക്കുക മാത്രമല്ല, സമഗ്രവും സംഘടിതവുമായ പൊതു ഗതാഗത സംവിധാനത്തിലേക്കു ജനങ്ങളെ കൈപിടിച്ചു നടത്തിക്കുകകൂടിയാണു പുതിയ പദ്ധതികള്‍.
മെട്രോ സ്റ്റേഷനുകള്‍
1) ആലുവ
2) പുളിഞ്ചോട്
3) കമ്പനിപ്പടി
4) അമ്പാട്ടുകാവ്
5) മുട്ടം
6) കളമശേരി
7) കുസാറ്റ്
8) പത്തടിപാലം
9) ഇടപ്പള്ളി
10) ചങ്ങമ്പുഴ പാര്‍ക്ക്
11) പാലാരിവട്ടം
12) ജവഹര്‍ലാല്‍നെഹ്റു സ്റ്റേഡിയം
13) കലൂര്‍
14) ലിസി
15) എംജി റോഡ്
16) മഹാരാജാസ് കോളജ്
17) എറണാകുളം സൗത്ത്
18) കടവന്ത്ര
19) ഇളംകുളം
20) വൈറ്റില
21) തൈക്കുടം
22) പേട്ട.
റോബിൻ ജോർജ്