കൊച്ചി: മദ്യപിച്ച് മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തുന്നവർ സുരക്ഷാ ജീവനക്കാരുടെ പിടിയിലാകും. ഇവർക്കെതിരെ പിഴയും തടവും അടക്കമുള്ള ശിക്ഷാ നടപടികളാണ് സ്വീകരിക്കുന്നത്. കൊച്ചി മെട്രോയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സുരക്ഷാ ജീവനക്കാരുടെ പരിശോധനയ്ക്കിടയിലോ അല്ലെങ്കിൽ സഹയാത്രികരുടെ പരാതികളുടെ അടിസ്ഥാനത്തിലോ ഒരാൾ പിടിക്കപ്പെടുകയാണെങ്കിൽ 500 രൂപ പിഴയും ആറു മാസം വരെ തടവും അടക്കമുള്ള ശിക്ഷകളാണ് ലഭിക്കുക.
റെയിൽവെ നിയമത്തിനു സമാനമായ നിയമം തന്നെയാണ് മെട്രോ ട്രെയിനിലും സ്വീകരിക്കുക. 2002ൽ ഡൽഹി മെട്രോയ്ക്കായി രൂപപ്പെടുത്തിയ നിയമം 2009ൽ രാജ്യത്തെ മെട്രോ നീയമമായി വിപുലീകരിക്കുകയായിരുന്നു. ഈ നിയമ പ്രകാരം തന്നെയുള്ള ശിക്ഷകളാണ് കൊച്ചി മെട്രോ സർവീസുമായി ബന്ധപ്പെട്ടും നടപ്പാക്കുക. ഭക്ഷണ സാധനങ്ങളും കുപ്പിയിലടച്ച പാനീയങ്ങളും മറ്റും മെട്രോയിൽ കയറ്റുന്നതിനു തടസമില്ലെങ്കിലും അവ ട്രെയിനിനകത്ത് ഉപയോഗിക്കുന്നതിനു അനുമതി ഇല്ല.
മദ്യപാനം കൂടാതെ പുകവലിയും മൊബൈൽ ഫോണ് ഉച്ചത്തിൽ വച്ച് പാട്ടു കേൾക്കുന്നതും അടക്കമുള്ള കാര്യങ്ങളും അനുവദനീയമല്ല. ട്രെയിനകത്ത് ഇരുന്നു ഭക്ഷണം കഴിക്കാൻ പാടില്ലെന്നു മാത്രമല്ല സ്റ്റേഷനകത്തും ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് അനുവദനീയല്ല. മെട്രോയ്ക്കായി പ്രത്യേക സുരക്ഷാ പ്രോട്ടോക്കോൾ ഉണ്ട്. ഡൽഹി മെട്രോയുടെ സുരക്ഷാ ചുമതല സിഐഎസ്എഫിനാണെങ്കിൽ കൊച്ചിയിൽ അത് സംസ്ഥാന പോലീസിനാണ്. സംസ്ഥാന പോലീസിന്റെ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സി(എസ്ഐഎസ്എഫ്)നെയാണ് സുരക്ഷ ചൂമതല ഏൽപ്പിച്ചിരിക്കുന്നത്.
ആദ്യ ഘട്ടം കമ്മീഷനിംഗ് നടക്കുന്ന ആലുവ പാലാരിവട്ടം മേഖലയുടെ സുരക്ഷയ്ക്കായി 250 പേരെയാണ് സംസ്ഥാന പോലീസിൽ നിന്ന് ഇതിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കഐംആർഎൽ) ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി 138 പേരെ പരിശീലനം നല്കി വിന്യസിക്കാൻ ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കൂടാതെ മോട്രോ പോലീസ് സ്റ്റേഷനുവേണ്ടി 29 പോലീസുകാരുടെ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. ഇതിന്റെ ആസ്ഥാനം കളമശേരിയിൽ ആയിരിക്കും. മെട്രോയുമായി ബന്ധപ്പെട്ട കേസുകൾ എടുക്കുന്നത് ഈ പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചായിരിക്കും.
എസ്ഐഎസ്എഫിനെ വിവിധ സ്റ്റേഷനുകളിൽ വിന്യസിക്കുന്നതും ഇവരുടെ മേൽനോട്ടത്തിൽ ആയിരിക്കും. മെട്രോ സുരക്ഷയ്ക്കായി നിയോഗിച്ച എസ്ഐഎസ്എഫിനു പ്രത്യേക യൂണിഫോം ഉണ്ടായിരിക്കും. ബാഗേജ് സ്കാനറുകൾ, മെറ്റൽ ഡിറ്റക്ടറുകൾ, ഹാൻഡ് സ്കാനറുകൾ തുടങ്ങിവയിലൂടെ മെട്രോ യാത്രക്കാർ കടന്നുപോകണം. ഇത്തരം പരിശോധനകൾ നടത്തേണ്ട ചുമതലയും എസ്ഐഎസ്എഫിനാണ്. സംസ്ഥാന പോലീസിനെ കൂടാതെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരു സ്വകാര്യ ഏജൻസിയെ കൂടി കെഎംആർഎൽ നിയോഗിച്ചിട്ടുണ്ട്.