കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് യുത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ബീഫ് ഫെസ്റ്റ്. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നാവികസേന വിമാനത്താവളത്തിൽ എത്തുന്നതിനു അരമണിക്കൂർ മുന്‍പാണു വിമാനത്താവളത്തിനു സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. നാവിക സേന വിമാനത്താവളത്തിനു സമീപമുള്ള എടിഎസ് ജംഗ്ഷനിലാണു ബീഫ് ഫെസ്റ്റ് അരങ്ങേറിയത്.
രാജ്യത്തു കശാപ്പു നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പ്രതിഷേധിച്ചാണു നടുറോഡിൽ കുത്തിയിരുന്നു പ്രവർത്തകർ ബീഫും റൊട്ടിയും കഴിച്ചത്. തുടർന്നു ഡിസിപി പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. 15 ഓളം വരുന്ന പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കി ബീഫ് പരസ്പരം വിതരണം ചെയ്യുകയായിരുന്നു. ഡിസിസി സെക്രട്ടറി തന്പി സുബ്രഹ്മണ്യം പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
കൊച്ചി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ആർ. രജീഷ്, യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാർലമെന്റ് വൈസ് പ്രസിഡന്റ് ദിലീപ് കുഞ്ഞുകുട്ടി, പാർലമെന്റ് സെകട്ടറി ജോസഫ് മാർട്ടിൻ, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എ. സഗീർ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ.എസ്. പ്രമോദ്, ബോണി റാഫേൽ, സി.ജെ. കുഞ്ഞുകുഞ്ഞ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.