കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347-ാം നമ്പര്‍ തൂണിനു ബലക്ഷയം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ 513 തൂണുകളുടെ നിർമാണ രേഖകള്‍ പരിശോധിക്കുന്നു.
ആലുവ മുതല്‍ പാലാരിവട്ടം വരെ ഒന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ തൂണുകളുടെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്.
ഓരോ പൈലിന്റെയും സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച് അപാകത കണ്ടെത്തിയാല്‍ ആ തൂണുകള്‍ മാത്രം വിശദമായി പരിശോധിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.
ഓരോ പൈലിന്റെയും ആഴം, പൈലിനായി നീക്കിയ മണ്ണിന്റെ അളവ്, പൈല് ഉറപ്പിക്കാനായി കുഴിച്ച പാറയുടെ അളവ്, ഉപയോഗിച്ച് കോണ്‍ക്രീറ്റ്, കമ്പി എന്നിവയുടെ അളവ് ഇവയെല്ലാം ഫയലില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതാണ് പരിശോധിക്കുന്നത്.
അതേസമയം ബലക്ഷയം സംഭവിച്ച തൂണിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ അറിയിച്ചു.
തൂണിന് ചെറിയ ചെരിവ് കണ്ടെത്തിയതോടെ കെഎംആര്‍എല്‍ എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ പഠനം നടത്തി. റിപ്പോര്‍ട്ട് കൊച്ചി മെട്രോ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഈ ഭാഗത്തെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സി, നിര്‍മാണം നടത്തിയ എല്‍ ആന്‍ഡ് ടി കമ്പനി എന്നിവരുമായും ആശയവിനിമയം നടത്തി.
അവരുടെ പരിശോധനയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് 21 മുതല്‍ പ്രദേശത്ത് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.
ഇത് 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മെട്രോയുടെ സമീപത്തെ തൂണുകളിലും പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബെഹ്റ വ്യക്തമാക്കി.