കൊച്ചി: മെട്രോയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇനിമുതല്‍ മെട്രോ റെയില്‍വേ ആക്ട് പ്രകാരമുള്ള നടപടികള്‍.
ഇതുപ്രകാരമുള്ള ആദ്യ കേസ് ഇന്നലെ രജിസ്റ്റര്‍ ചെയ്തു.
എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനില്‍ നിരോധിത പുകയില ഉത്പന്നങ്ങളും മദ്യക്കുപ്പികളും കഠാരകളുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാക്കള്ക്കെതിരേയാണു ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഉദയംപേരൂര്‍ ചുള്ളിക്കാട് അനന്തു (21), ആസാം ചെധരബസാര് സ്വദേശി യൂസഫ് അലി (26) എന്നിവരെയാണു കൊച്ചി മെട്രോ സ്പെഷല്‍ പോലീസ് പിടികൂടിയത്.
ഇവര്‍ക്കെതിരേ മെട്രോ റെയില്‍ ആക്ട് പ്രകാരം കേസെടുത്തു. മെട്രോ റെയില്‍ ആക്ട് പ്രകാരമുള്ള ആദ്യ കേസാണിത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെയാണു പ്രതികള്‍ മദ്യക്കുപ്പികളും കഠാരകളുമായി സ്റ്റേഷനിലെത്തിയത്. പരിശോധനക്കിടെയാണ് ഇവ പോലീസ് പിടികൂടിയത്.
പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. മെട്രോ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തില്‍ എസ്ഐ അലിക്കുഞ്ഞ്, സീനിയര്‍ സിപിഒ അനിലല്‍, സിപിഒ ഫസല്‍, ഹവില്‍ദാര്‍മാരായ ശ്രീജിത്ത് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
മെട്രോയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇനിമുതല്‍ മെട്രോ റെയില്‍വേ ആക്ട് പ്രകാരമുള്ള നടപടികളാകും സ്വീകരിക്കുകയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു.