കൊച്ചി: മെട്രോയിലെ സ്ഥിരം യാത്രക്കാർക്കു നിരക്കിൽ ഇളവു നൽകാൻ ആലോചന. കൊച്ചി വണ്‍ കാർഡ് ഉടമകൾക്കും സീസണ് ടിക്കറ്റുകാർക്കും ടിക്കറ്റ് നിരക്കിൽ 40 ശതമാനം ഇളവ് നൽകാനാണു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ(കഐംആർഎൽ) നീക്കം. മെട്രോ നിരക്ക് മൊത്തത്തിൽ കുറയ്ക്കാനും ആലോചനയുള്ളതായി സൂചനയുണ്ട്. മഹാരാജാസ് ഗ്രൗണ്ടിലേക്കു മെട്രോ ഓടിത്തുടങ്ങുന്നതോടെ ഇളവും നിലവിൽ വരും.
മെട്രോ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ യാത്രക്കാരെ പിടിച്ചുനിർത്താനും പുതിയ യാത്രക്കാരെ ആകർഷിക്കാനുമാണു നിരക്കിൽ ഇളവു വരുത്തുന്നത്. നിലവിൽ 13 കിലോമീറ്ററുള്ള ആലുവ മുതൽ പാലാരിവട്ടംവരെ 40 രൂപയാണു നിരക്ക്. 40 ശതമാനം ഇളവ് ലഭിക്കുന്പോൾ ഇത് 24 രൂപയായി കുറയും.
കൊച്ചി വണ്‍ കാർഡ് ഉടമകൾക്ക് 20 ശതമാനം നിരക്കിൽ ഇപ്പോൾ ഇളവ് ലഭിക്കുന്നുണ്ട്. അത് 40 ശതമാനമാക്കും. കൂട്ടത്തോടെ യാത്ര ചെയ്യുന്നവർക്കു ഗ്രൂപ്പ് പാസ് നൽകാനുള്ള പദ്ധതിയും കഐംആർഎൽ ആലോചിക്കുന്നുണ്ട്.