കൊച്ചി: ഫീഡര്‍ സര്‍വീസുകളും നിരക്കുകളിലെ ഇളവുകളും ഹിറ്റായതോടെ കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം കുതിക്കുന്നു.
നിലവില്‍ 54,000വും കടന്നിരിക്കുകയാണ് യാത്രക്കാരുടെ എണ്ണം. ലോക്ഡൗണിനുശേഷമുള്ള ഉയര്‍ന്ന വര്‍ധനയാണിത്. ഇതോടെ സര്‍വീസ് ട്രെയിനുകളുടെ എണ്ണവും കൂട്ടാനൊരുങ്ങുകയാണ് മെട്രോ.
കൂടുതല്‍ ഫീഡര്‍ സര്‍വീസുകള്‍ ആരംഭിച്ചതും നിരക്കുകളിലെ ഇളവ്, വിവിധ സ്റ്റേഷനുകളില്‍ സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍, വിശേഷ ദിവസങ്ങളില്‍ സൗജന്യനിരക്കുകള്‍ നല്കിയതും യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കാന്‍ സഹായകരമായതായി മെട്രോ അധികൃതർ വ്യക്തമാക്കുന്നു.
ട്രെിനുകളുടെ എണ്ണം കൂട്ടുന്നതോടെ സര്‍വീസുകള്‍ക്കിടയിലെ സമയ ദൈര്‍ഘ്യവും കുറയും. ഇതു കൂടുതല്‍ ഗുണകരമാകുമെന്നാണ് കൊച്ചി മെട്രോയുടെ പ്രതീക്ഷ.
തിരക്ക് കൂടുന്ന സാഹചര്യത്തിൽ യാത്രക്കാര്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി സര്‍വീസ് നടത്താനായി കൂടുതല്‍ ട്രെയിനുകളും സജ്ജമാക്കിയിട്ടുണ്ടെന്നും കെഎംആര്‍എല്‍ അറിയിച്ചു.
18,000ത്തില്‍നിന്ന് 54,000ൽ
കോവിഡ് ലോക്ഡൗണിനുശേഷം മെട്രോ സര്‍വീസ് പുനരാരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്.
ആദ്യ ലോക്ഡൗണിനുശേഷം സര്‍വീസ് ആരംഭിച്ചപ്പോള്‍ പ്രതിദിനം 18,361 പേരാണ് യാത്ര ചെയ്തിരുന്നതെങ്കില്‍ രണ്ടാം ലോക്ഡൗണിനുശേഷം അത് 26,043 പേരായി. നവംബറില്‍ 41,648 ആയി.
ഡിസംബറായതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ 54,000 കടന്നിരിക്കുകയാണ്.
ഇന്നു മുതല്‍ സമയ ദൈര്‍ഘ്യം കുറയും
യാത്രക്കുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ട്രെയിൻ സർവീസുകള്‍ക്കിടയിലെ സമയം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കുറയും.
തിരക്കുള്ള സമയങ്ങളില്‍ ഏഴ് മിനിറ്റ് ഇടിവിട്ടായിരുന്ന ട്രെയിനുകള്‍ ഇന്നു മുതല്‍ ശനി, തിങ്കള്‍ ദിവസങ്ങളില്‍ 6.15 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും.
തിരക്കുകുറഞ്ഞ സമയങ്ങളില്‍ 8.15 മിനിറ്റ് ഇടവിട്ട് നടത്തിയിരുന്ന സര്‍വീസുകള്‍ ഇനിമുതല്‍ 7.30 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും.
ഞായറാഴ്ചകളില്‍ 10 മിനിറ്റായിരുന്ന ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം ഒമ്പതാക്കി കുറച്ചു. ഇതോടെ ട്രെയിന്‍ സര്‍വീസിന്റെ എണ്ണം നിലവിലെ 229ല്‍നിന്ന് ശനി, തിങ്കള്‍ ദിവസങ്ങളില്‍ 271 ആയി വര്‍ധിക്കും.
ചൊവ്വ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ട്രെയിനുകള്‍ക്കിടയിലെ സമയത്തില്‍ മാറ്റമില്ല. തിരക്കുള്ള സമയങ്ങളില്‍ ഏഴു മിനിറ്റും മറ്റ് സമയങ്ങളില്‍ 8.15 മിനിറ്റും ഇടവിട്ട് ട്രെയിനുകളുണ്ടാകും.