കൊച്ചി: കൊച്ചി മെട്രോ ജനങ്ങൾക്കായി തുറന്നുകൊടുത്ത ആദ്യ ദിനം ഉത്സവമാക്കി യാത്രക്കാർ. രാവിലെ ആറു മണിക്ക് ആലുവയിൽനിന്നു പാലാരിവട്ടത്തേക്കും തിരിച്ചു പാലാരിവട്ടത്തുനിന്ന് ആലുവയിലേക്കും ആദ്യസർവീസ് ആരംഭിച്ചു. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി അനേകം പേരാണ് സർവീസ് തുടങ്ങുന്ന ആദ്യ ദിനംത്തന്നെ മെട്രോ യാത്ര നടത്താനെത്തിയത്. പലരും ആദ്യമായി മെട്രോയിൽ കയറുന്നതിന്റെ ആവേശത്തിലായിരുന്നു. കുടംബമായി മെട്രോയിലേറാൻ വന്നവരും നിരവധിയായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെ തിരക്കു വര്‍ധിച്ചതിനാല്‍ 5.45ഓടെ ടിക്കറ്റുകള്‍ നല്കാന് ആരംഭിച്ചു.
പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരേ സമരം നടത്തുന്നവരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചു ജില്ലയില്‍വിവിധ സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചെങ്കിലും മെട്രോ സർവീസ് മാറ്റില്ലെന്നു ഇന്നലെ കെഎംആർഎൽ അറിയിച്ചിരുന്നു. എന്നാൽ, ഇന്ന് ഹർത്താൽവകവയ്ക്കാതെ ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയതിനാൽ മെട്രോ സ്റ്റേഷനുകളിലേക്കെത്താൽ ആർക്കും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
ആലുവയിലേക്കും പാലാരിവട്ടത്തേക്കും യാത്ര ചെയ്തവർ തിരിച്ചും യാത്രയ്ക്ക് ഒരുങ്ങിയതോടെ തിരക്കു വർധിച്ചു. മറ്റു മെട്രോകളില്‍ യാത്ര ചെയ്തിട്ടുള്ളവർ ഇന്ത്യയിലെ മെട്രോകളിൽ കൊച്ചി, സുപ്പർസ്റ്റാറാണെന്നു സർട്ടിഫിക്കേറ്റ് നൽകുന്നു. യുവാക്കളെല്ലാം സെൽഫികൾ എടുക്കാനുള്ള തിരക്കായിരുന്നു.
രാവിലെ ആറു മണിമുതൽ രാത്രി പത്തു മണിവരെയാണ് മെട്രോ സർവീസ് നടത്തുന്നത്. ഓരോ 10 മിനിറ്റ് ഇടവിട്ട് സർവീസുണ്ടാകും. ദിവസം 219 ട്രിപ്പുകളാണ് ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൊച്ചി മെട്രോ ജനങ്ങൾക്കു സമർപ്പിച്ചത്. തുടർന്നു ഇന്നലെ സ്പെഷൽ സ്കൂൾ വിദ്യാർഥികൾ, അഗതി മന്ദിരങ്ങളിലെ അന്തേവാസികൾ, അനാഥാലങ്ങളിലെ കുട്ടികൾ എന്നിവർക്കായി പ്രത്യേക സർവീസ് നടത്തിയിരുന്നു.