കൊച്ചി: പുതിയ വേഗവും താളവും പകർന്നു നിറയെ യാത്രികരുമായി കൊച്ചി മെട്രോ നഗരഹൃദയത്തിലേക്കു കുതിച്ചു പാഞ്ഞു. കൊച്ചിയുടെ വികസന സ്വപ്നങ്ങളിലേക്ക് ചിറകുവിടർത്തി വിരുന്നെത്തിയ മെട്രോയെ ഇരുകൈയ്യും നീട്ടി യാത്രികർ സ്വീകരിച്ചപ്പോൾ പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള കൊച്ചി മെട്രോ രണ്ടാം റീച്ചിന്റെ ഉദ്ഘാടനം അതിഗംഭീരം. ഇന്നു രാവിലെ പത്തരയോടെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം (ജഐൽഎൻ സ്റ്റേഡിയം) സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും ചേർന്നാണ് ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചത്. തുടർന്ന് ഇരുവരും മെട്രോ ട്രെയിനിൽ മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ വരെയും തിരിച്ചും യാത്ര ചെയ്തശേഷം ഉദ്ഘാടന വേദിയായ എറണാകുളം ടൗണ് ഹാളിൽ എത്തിച്ചേർന്നു. തുടർന്നാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
എംപിമാരായ കെ.വി. തോമസ്, ഇന്നസെന്റ്, എംഎൽഎമാരായ ഹൈബി ഈഡൻ, അൻവർ സാദത്ത്, വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.ടി. തോമസ്, എം. സ്വരാജ്, ജോണ് ഫെർണാണ്ടസ്, ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, മേയർ സൗമിനി ജെയിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യ റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു മൂന്നു മാസത്തിനും 15 ദിവസത്തിനും ശേഷമാണു മഹാരാജാസ് സ്റ്റേഷൻ വരെയുള്ള രണ്ടാം ഘട്ട ഉദ്ഘാടനം.
പ്രധാനമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങുപോലെ അത്ര കെങ്കേമമല്ലെങ്കിലും മോടിക്ക് ഒട്ടും കുറവുവരുത്താതെ ചെലവുകുറച്ചുള്ള ഉദ്ഘാടന ചടങ്ങാണു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കഐംആർഎൽ) ഒരുക്കിയത്. ഉദ്ഘാടനത്തിനുശേഷം ഉച്ചയോടെ യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ ട്രെയിൻ പാലാരിവട്ടം-മഹാരാജാസ് പാതയിലൂടെ കടന്നുപോയി. പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള അഞ്ചു കിലോമീറ്ററിൽ കലൂർ, ലിസി, എംജി റോഡ്, മഹാരാജാസ് ഗ്രൗണ്ട് എന്നീ സ്റ്റേഷനുകളും കൊച്ചി മെട്രോയുടെ ഏറ്റവും വലിയ സ്റ്റേഷനായ ജെഎൽഎൻ ഉൾപ്പെടെ അഞ്ചു സ്റ്റേഷനുകളാണുള്ളത്.
പുതിയ റീച്ചിൽ കൂടി സർവീസ് ആരംഭിക്കുന്പോൾ മൂന്നു ട്രെയിനുകൾ അധികമായി ട്രാക്കിൽ ഇറങ്ങും. ദിവസവും രാവിലെ 6.24നാണു പാലാരിവട്ടത്തുനിന്നുള്ള ആദ്യ ട്രെയിൻ. മഹാരാജാസ് ഗ്രൗണ്ടിൽ നിന്ന് ആലുവയിലേക്കുള്ള അവസാന ട്രിപ്പ് രാത്രി പത്തിനു പുറപ്പെടും. പാലാരിവട്ടം മുതൽ മഹാരാജാസ് വരെ ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ആലുവ-പാലാരിവട്ടം നിരക്ക് 40 രൂപ. കൊച്ചി മെട്രോയുടെ സ്മാർട്ട് കാർഡ് ഉള്ളവർക്കു 20 ശതമാനം ഇളവുണ്ട്.