തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ ഇരുമ്പനത്തുള്ള സ്റ്റോക്കിംഗ് യാർഡിൽനിന്ന് 20 ലക്ഷം രൂപ വിലവരുന്ന നാൽപതോളം ടൺ തൂക്കം വരുന്ന ഇരുമ്പുകമ്പികൾ മോഷ്ടിച്ച സംഘത്തിലെ മൂന്നുപേർ കൂടി പിടിയിൽ. തൃപ്പൂണിത്തുറ പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ജോലികൾക്കായി കമാനി എൻജിനീയറിംഗ് കമ്പനിയുടെ ഇരുമ്പനം സ്റ്റീൽ സ്റ്റോക്കിംഗ് യാർഡിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുകമ്പികൾ കഴിഞ്ഞ ഡിസംബർ 18നു പുലർച്ചെ മോഷ്ടിച്ചത്.
ആലുവ തായ്ക്കാട്ടുകര സ്വദേശികളായ വടക്കേക്കാട്ട് ഹബീബ് (37), കല്ലുങ്കൽ നിയാസുദ്ദീൻ (36), കരിപ്പായി ഷെഫീഖ് (34) എന്നിവരെയാണ് തൃപ്പൂണിത്തുറ സർക്കിൾ ഇൻസ്പെക്ടർ പി. രാജ്കുമാർ, എസ്ഐ കെ.ആർ. ബിജു എന്നിവർ അറസ്റ്റുചെയ്തത്. സംഭവം നടന്ന അന്നുതന്നെ കമ്പനിയുടെ സ്റ്റോർ അസിസ്റ്റന്റ് ആയിരുന്ന കർണാടക സ്വദേശിയായ ശരണബാസപ്പ (23), കമ്പനിയിലെ ജീവനക്കാരായ കൊല്ലം സ്വദേശിയായ ഷൈൻ (39), തിരുവനന്തപുരം കണിയാപുരം സ്വദേശി വിഷ്ണു (29) എന്നിവരെ അറസ്റ്റ് ചെയ്തിതിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണത്തിലെ മുഖ്യകണ്ണികളായ യാസറിനിനും മുഹമ്മദ് ഫറൂക്കിനും വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. യാസറിന് കമ്പനിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ എത്തിച്ചുകൊടുക്കുന്ന ജോലിയായിരുന്നു.
ഇയാളും സുഹൃത്ത് മുഹമ്മദ് ഫറൂക്കും ചേർന്ന് സ്റ്റോക്ക് യാർഡിൽനിന്നു വർക്ക് സൈറ്റുകളിലേക്ക് കമ്പികൾ കൊണ്ടുപോകാനെന്ന വ്യാജേന ജോലിക്കാരുടെ സഹായത്താൽ ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കമ്പനിയുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആലുവ ഇടയാർ ഭാഗത്തുനിന്നു മോഷണം പോയ കമ്പികൾ പിന്നീടു കണ്ടെടുത്തു.