തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ ഇരുമ്പനത്തുള്ള സ്റ്റോക്കിംഗ് യാർഡിൽനിന്ന് ഇരുമ്പുകമ്പികൾ മോഷ്ടിച്ച കേസിൽ പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കമ്പനിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ എത്തിച്ചുകൊടുക്കുന്ന ആലുവയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള പെരുമ്പാവൂർ പോഞ്ഞാശേരി വലിയവീട്ടിൽ യാസർ (38), ഇയാളുടെ സുഹൃത്ത് ആലുവ സ്വദേശി കമ്പനിപ്പടി തൈക്കാട്ടുകര തച്ചവല്ലത്ത് മുഹമ്മദ് ഫറൂക്ക് (35), എന്നിവരാണ് ഇന്നലെ പിടിയിലായത്.
കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ജോലികൾക്കായി കമാനി എൻജിനീയറിംഗ് കമ്പനിയുടെ ഇരുമ്പനം, സ്റ്റീൽ സ്റ്റോക്കിംഗ് യാർഡിൽ സൂക്ഷിച്ചിരുന്ന 20ലക്ഷം രൂപ വിലവരുന്ന നാൽപതോളം ടൺ തൂക്കം വരുന്ന ഇരുമ്പുകമ്പികൾ 2019 ഡിസംബർ 18ന് പുലർച്ചെയാണ് മോഷണം പോയത്.
സംഘത്തിലെ മറ്റു പ്രതികളായ കമ്പനിയുടെ സ്റ്റോർ അസിസ്റ്റന്റായിരുന്ന കർണാടക സ്വദേശിയായ ശരണബാസപ്പ (23), കമ്പനിയിലെ ജീവനക്കാരായ കൊല്ലം സ്വദേശി ഷൈൻ (39) തിരുവനന്തപുരം കണിയാപുരം സ്വദേശി വിഷ്ണു (29) എന്നിവരെ സംഭവം നടന്ന് രണ്ടു ദിവസത്തിനുള്ളിൽതന്നെ ഹിൽപാലസ് പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ആലുവ സ്വദേശിയായ യാസറും ഇയാളുടെ സുഹൃത്ത് മുഹമ്മദ് ഫറൂക്കും ചേർന്ന് ജോലിക്കാരുടെ സഹായത്താൽ സ്റ്റോക്ക് യാർഡിൽനിന്ന് വർക്ക് സൈറ്റുകളിലേക്ക് കമ്പികൾ കൊണ്ടുപോകാനെന്ന വ്യാജേന ലോറിയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
കമ്പനിയുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആലുവ ഇടയാർ ഭാഗത്തുനിന്ന് കന്പികൾ കണ്ടെടുത്തത്.