കൊച്ചി: കൊച്ചി മെട്രോയുടെ വാണിജ്യ ഓട്ടത്തിനു അനുമതി നൽകുന്നതിനുള്ള കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റി (സിഎംആർഎസ്) അന്തിമ പരിശോധന മേയ് മൂന്നു മുതൽ അഞ്ചു വരെ നടക്കും. ഇതു സംബന്ധിച്ച അറിയിപ്പ് കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റി അധികൃതരിൽനിന്നു ലഭിച്ചതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ അറിയിച്ചു.
സിഎംആർഎസിന്റെ അന്തിമ അനുമതി കൂടി ലഭിച്ചു കഴിഞ്ഞാൽ കൊച്ചി മെട്രോയുടെ ആദ്യഘട്ട കമ്മീഷനിംഗ് സംബന്ധിച്ച സാങ്കേതികമായ എല്ലാ കടന്പകളും മറികടക്കാനാകും. സിഎംആർഎസിന്റെ ബംഗളൂരു കേന്ദ്രത്തിന്റെ തലവനായ കെ.എ. മനോഹരന്റെ നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക. സിഎംആർഎസിന്റെ അന്തിമ പരിശോധനയ്ക്കു മുന്നോടിയായി ലഭിക്കേണ്ട മറ്റു അനുമതികളും ലഭിച്ചുവരികയാണ്. സിഎംആർഎസ് അന്തിമ പരിശോധനയ്ക്കായി എത്തുന്നതിനു മുൻപുതന്നെ ഇവയെല്ലാം പൂർത്തിയാകും.
കൊച്ചി മെട്രോയുടെ കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കണ്ട്രോൾ സിസ്റ്റം (സിബിടിസി) അടക്കമുള്ള സംവിധാനങ്ങൾക്കും സ്വതന്ത്ര വിലയിരുത്തൽ ഏജൻസിയായ ബ്യുറോ വെരിറ്റാസിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി വരെ നടത്തിയ മെട്രോയുടെ നിർമാണ ജോലികളിൽ സിഎംആർഎസ് തൃപ്തി അറിയിച്ചിരുന്നു. ട്രെയിനുകൾ മുട്ടത്തെ യാർഡിൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുകയും ട്രെയിനിൽ യാത്ര ചെയ്തു പരിശോധന നടത്തുകയും ചെയ്തിരുന്നു.
കാസ്റ്റിംഗ് യാർഡിലെയും മുട്ടം യാർഡിലെയും പ്രവർത്തനങ്ങളും അന്നു വിലയിരുത്തി. ഇക്കുറി കൂടുതൽ വിശദമായ പരിശോധനകളാകും നടക്കുക. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ ദൂരത്തിലാണ് ആദ്യഘട്ട കമ്മീഷനിംഗ് നടക്കുന്നത്.
ഈ പാതയിലുള്ള 11 സ്റ്റേഷനുകളും പാതയും അനുബന്ധ സംവിധാനങ്ങളും സമഗ്രമായ പരിശോധനയ്ക്കു വിധേയമാക്കും. സിഗ്നലിംഗ്, ട്രെയിനുകൾ, സുരക്ഷാ മുൻകരുതലുകൾ തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവർ പരിശോധിക്കും. അതിനുശേഷം അവർ കൈക്കൊള്ളുന്ന തീരുമാനം വാണിജ്യ ഓട്ടം ആരംഭിക്കുന്ന കാര്യത്തിൽ അത്യന്തം നിർണായകമായിരിക്കും.