കൊച്ചി: ഇന്നലെ കൊച്ചി മെട്രോയിൽ സഞ്ചരിച്ചത് ചരിത്രത്തിലെ ഏറ്റവും കൂടുതൽ യാത്രക്കാർ. രാത്രി അവസാന സർവീസും പൂർത്തിയായ ശേഷം കെഎംആർഎൽ (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) പുറത്തുവിട്ട കണക്കനുസരിച്ച് 1,25,131 പേരാണ് ഇന്നലെ മാത്രം മെട്രോയിൽ യാത്ര ചെയ്തത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 12ന് 1,01,983 യ്ത്രക്കാർ മെട്രോയിൽ സഞ്ചരിച്ചതാണ് ഇതിനുമുൻപുള്ള ഏറ്റവും ഉയർന്ന കണക്ക്. അന്ന് നിരക്കിൽ ഇളവുവരുത്തിയതാണ് കാരണമെങ്കിൽ ഇന്നലെ പൗരത്വഭേതഗതി ബില്ലിനെതിരേ നഗരത്തിൽ നടന്ന മുസ്ലിം സംഘടനകളുടെ വന്പൻ പ്രതിഷേധ പരിപാടിയായിരുന്നു കാരണമായത്.
പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നതിന് നഗരത്തിലേക്ക് വന്ന സമരക്കാർ കൂട്ടമായി മെട്രോ യാത്ര പ്രയോജനപ്പെടുത്തിയതാണ് യാത്രക്കാരുടെ എണ്ണത്തിൽ ഇത്രവലിയ വർധനവ് ഉണ്ടാകാൻ ഇടയാക്കിയത്. മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ, ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷൻ, കലൂർ സ്റ്റേഷൻ എന്നിവിടങ്ങളിലൊക്കെ ഇന്നലെ വലിയ തിരക്കായിരുന്നു. പ്രതിഷേധ പരിപാടി കഴിഞ്ഞ് മടങ്ങിപ്പോയവരും മെട്രോയെയാണ് ആശ്രയിച്ചത്.
പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ട് നഗരത്തിന്റെ പ്രധാന റോഡുകളിലെല്ലാം ഗതാഗതം നിശ്ചലമായതിനാലും സാധാരണ യാത്രക്കാരും മെട്രോയെ ആശ്രയിച്ചു. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ പുറംനാട്ടുകാരും യാത്ര മെട്രോയിലാക്കി.
2019 ലെ ആകെ യാത്രക്കാരുടെ എണ്ണത്തിലും കൊച്ചി മെട്രോ റിക്കാർഡിട്ടു. 1,65,99,020 പേരാണു കഴിഞ്ഞ വർഷം മെട്രോയിൽ യാത്ര ചെയ്തത്. 2018നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 32 ശതമാനം വർധനവ് ഉണ്ടായെന്ന് കെഎംആർഎൽ അറിയിച്ചു.
2018ൽ ആകെ 1,24,95,884 പേരായിരുന്നു മെട്രോ യാത്രക്കാർ. ഇതിനേക്കാൾ 41 ലക്ഷം പേർ കൂടുതലാണ് കഴിഞ്ഞ യാത്രക്കാക്കാരായി എത്തിയത്. 2019 സെപ്തംബർ മൂന്ന് വരെ 88,83,184 പേർ മെട്രോയിൽ യാത്ര ചെയ്തു. മഹാരാജാസ് സ്റ്റേഷനിൽനിന്ന് തൈക്കൂടത്തേക്ക് സർവീസ് നീട്ടിയ സെപ്റ്റംബർ നാല് മുതൽ ഡിസംബർ 30 വരെ 77,14,836 പേർ മെട്രോ സേവനം പ്രയോജനപ്പെടുത്തി. നിലവിൽ പ്രതിദിനം ശരാശരി 65,000 പേരാണ് മെട്രോയിൽ യാത്ര ചെയ്യുന്നത്. വാരാന്ത്യദിവസങ്ങളിൽ ഇത് 68,000 വരെ എത്തുന്നുണ്ട്.
ഒറ്റദിവസത്തെ മെട്രോ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നതും പോയ വർഷത്തിലാണ്. സെപ്റ്റംബർ 12ന് 101983 പേരാണ് മെട്രോയിൽ സഞ്ചരിച്ചത്. പോയ വർഷം കൊച്ചി മെട്രോയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനം നിറഞ്ഞ വർഷമാണെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ അൽകേഷ്കുമാർ ശർമ പറഞ്ഞു.