കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽനിന്നും തൈക്കൂടത്തേക്കുള്ള കൊച്ചി മെട്രോയുടെ സർവീസ് അടുത്തയാഴ്ച ആരംഭിക്കും. ഇതിനായുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിലെത്തി. അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കുന്ന സുരക്ഷാ പരിശോധനകൾക്കുശേഷം തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു വിവരം.
ഇതോടെ ആലുവ മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ ഒന്നാംഘട്ടമാണു പൂർണതയിലേക്കെത്തുന്നത്. കൊച്ചിക്കാർക്കുള്ള ഓണസമ്മാനമായി ഓണത്തിന് ഒരാഴ്ചമുന്പുതന്നെ ഉദ്ഘാടനം നടത്താനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ളത്. റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ സുരക്ഷാ പരിശോധനയാണ് അടുത്ത ദിവസങ്ങളിൽ നടക്കുക. അനുമതി ലഭിക്കുന്ന മുറയ്ക്കു ഉദ്ഘാടന തീയതി പ്രഖ്യാപിക്കും.
എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് പുതിയ റൂട്ടിലുള്ളത്. ആലുവ മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ നിലവിൽ 16 സ്റ്റേഷനുകളാണുള്ളത്. 18 ട്രെയിനുകൾ സർവീസ് നടത്തുന്നു.
മെട്രോ തൈക്കൂടത്തെത്തുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 21 ആയി ഉയരും. സർവീസിനായി പുതിയ ട്രെയിനുകളും എത്തിച്ചിട്ടുണ്ട്. പുതിയ റൂട്ടിലെ ട്രാക്കിന്റെ നിർമാണമെല്ലാം പൂർത്തിയായി.യാത്രയ്ക്കു മുന്നോടിയായുള്ള പരീക്ഷണ ഓട്ടം തുടങ്ങിയിട്ടുണ്ട്. മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ മുതൽ തൈക്കൂടം സ്റ്റേഷൻ വരെ 5.75 കിലോമീറ്ററിലേക്ക് കൂടിയാണ് മെട്രോ ഓടിയെത്താൻ ഒരുങ്ങുന്നത്.
2017 ജൂണ് 17 നാണ് കൊച്ചി മെട്രോയുടെ ആദ്യ റൂട്ട് ഉദ്ഘാടനം ചെയ്തത്. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലായിരുന്നു മെട്രോ ആദ്യമായി സർവീസ് നടത്തിയത്. ഇതേ വർഷം ഒക്ടോബറിൽ തന്നെ പാലാരിവട്ടത്തുനിന്ന് മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കും സർവീസ് തുടങ്ങി. പേട്ടയെന്ന അടുത്ത ഘട്ടം മാത്രമാണ് ഇനി ശേഷിക്കുന്നത്. ഈ വർഷം ഡിസംബറിൽ പേട്ടയിലേക്കും ട്രെയിൻ ഓടിയെത്തുമെന്നാണു പ്രതീക്ഷ.