കൊച്ചി: കൊച്ചി മെട്രോ റെയില്‍ പ്രവര്‍ത്തനത്തിന് കൂടുതല്‍ സൗരോര്‍ജം പകരുന്നതിനായി പുതിയ പവർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഇതോടെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 42 ശതമാനവും സൗരോർജത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന കമ്പനിയായി കെഎംആര്‍എല്‍ മാറി.
ആവശ്യമായ വൈദ്യുതിയുടെ പരമാവധിയും കൊച്ചി മെട്രോയുടെ പരിസരപ്രദേശങ്ങളില്‍നിന്ന് സൗരോർജം ഉപയോഗിച്ച് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം.
പ്രധാനമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ പാരമ്പര്യേതര ഊര്‍ജ ഉറവിടങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കെഎംആര്‍എല്‍ ലക്ഷ്യമിടുന്നുണ്ട്.
ഭാവിയിൽ പ്രവർത്തനം മുഴുവൻ സൗരോർജത്തിൽ
മുട്ടം യാര്‍ഡില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റയാണ് 824.1 കെഡബ്ലുപി (കിലോ വാട്ട് പീക്ക്) ശേഷിയുള്ള പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. ആവശ്യമുള്ള വൈദ്യുതി മുഴുവന്‍ സൗരോര്‍ജത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന നിലയിലേക്കു കമ്പനിയെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡയറക്ടര്‍ സിസ്റ്റംസ് ഡി.കെ. സിന്‍ഹ, ചീഫ് ജനറല്‍ മാനേജര്‍ എ.ആര്. രാജേന്ദ്രന്, ജനറല്‍ മാനേജര്‍മാരായ എ. മണികണ്ഠന്, മിനി ഛബ്ര, കെ. മണിവെങ്കട കുമാര്‍, സി. നീരീക്ഷ്, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍.എസ്. റെജി, അസിസ്റ്റന്റ് മാനേജര്‍ ആര്. രാധിക തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതിദിന ഉത്പാദനം 30,000 യൂണിറ്റ്
പുതിയ പ്ലാന്റിന്റെ ഭാഗമായി 8400 ചതുരശ്ര മീറ്ററിലാണ് സൗരോർജ പാനല്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിദിനം 3000 യൂണിറ്റ് വൈദ്യുതി ഇവിടെനിന്നു മാത്രം ഉത്പാദിപ്പിക്കാം. ഇതോടെ കൊച്ചി മെട്രോയുടെ പ്രതിദിന സോളാര്‍ വൈദ്യുതി ഉത്പാദനം 30,000 യൂണിറ്റായി ഉയരും. 3.1 എംഡബ്ലുപി ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
ഏപ്രിലോടെ കമ്മീഷന് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നിര്‍മാണശേഷി 11.2 എംഡബ്ലുപി ആയി ഉയരും.ട്രെയിന്പാളത്തിനു മുകളില്‍ പാനലുകള്‍ സ്ഥാപിച്ച് സോളാര്‍ വൈദ്യുതി ഇന്ത്യയില്‍ ആദ്യമായി ഉത്പാദിപ്പിച്ചു തുടങ്ങിയത് കൊച്ചി മെട്രോയാണ്.
2018ലാണ് 2.670 എംഡബ്ലുപി ശേഷിയുള്ള ആദ്യ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. 2.719 എംഡബ്ലുപി ശേഷിയുള്ള രണ്ടാമത്തെ പ്ലാന്റ് 2019ലും പിന്നീട് 1.9 എംഡബ്ലുപി ശേഷിയുള്ള മറ്റൊരു പ്ലാന്റും പ്രവര്‍ത്തനം തുടങ്ങി.