കൊച്ചി: കൊച്ചി മെട്രോയ്ക്കായി നിര്‍മാണം പുരോഗമിക്കുന്ന കളമശേരിയിലെ സ്റ്റേഷനു സംസ്ഥാന ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ അംഗീകാരം. കൊച്ചി മെട്രോയുടെ സ്റ്റേഷനുകളില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ സ്റ്റേഷനാണു കളമശേരിയിലേത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോ പാതയില്‍ 11 സ്റ്റേഷനുകളാണുള്ളത്. ആലുവ, പുളിഞ്ചുവട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം എന്നിവയാണ് അവ. ഇവയില്‍ കളമശേരിയും കുസാറ്റുമാണ് ഏറ്റവും മുന്നില്‍നില്‍ക്കുന്നത്. ഇവിടങ്ങളിലെ 95 ശതമാനം ജോലികളും പൂര്‍ത്തിയായതായി നിര്‍മാണ ചുമതല വഹിക്കുന്ന ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ മെട്രോ വാണിജ്യ സര്‍വീസ് നടത്താന്‍ പദ്ധതി ഇട്ടിട്ടുള്ള ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള സ്റ്റേഷനുകളുടെ നിര്‍മാണത്തില്‍ ആലുവയും പാലാരിവട്ടവുമാണ് ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. മുട്ടം അടക്കമുള്ള സ്റ്റേഷനുകളിലും നിര്‍മാണം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ശേഷിക്കുന്ന സ്റ്റേഷനുകളുടെ നിര്‍മാണത്തിലും കാര്യമായ പുരോഗതി കൈവരിച്ചതായി ഡിഎംആര്‍സി അധികൃതര്‍ പറയുന്നു. ഈ സ്റ്റേഷനുകളില്‍ ടിക്കറ്റ് കൗണ്ടറുകളുടെയും സൈനേജ് ബോര്‍ഡുകളുടെയും ഇലക്ട്രിക്കല്‍ ജോലികളാണു നടന്നുവരുന്നത്.
കൊച്ചി മെട്രോയുടെ വാണിജ്യ ഓട്ടത്തിനു മുന്നോടിയായി ലഭിക്കേണ്ട അനുമതികള്‍ ഒന്നൊന്നായി ലഭിച്ചുവരികയാണ്. വിവിധ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ നിര്‍മാണ സുരക്ഷ സംബന്ധിച്ച പരിശോധനകള്‍ നടത്തിവരുന്നു. മെട്രോ സര്‍വീസിനാവശ്യമായ വൈദ്യുതി ലഭ്യമാക്കുന്ന ട്രാക്ഷന്‍ സമ്പ്രദായത്തിനും വണ്ടി ഓടുന്നതിനുള്ള പാതയ്ക്കും ആദ്യഘട്ടത്തില്‍ ലഭിക്കേണ്ട അനുമതികളും ഇതിനകം ലഭിച്ചിട്ടുണ്ട്.
മെട്രോ സര്‍വീസുകള്‍ക്കു വൈദ്യുതി സാധാരണഗതിയില്‍ എത്തിക്കുന്നതിന് ഓവര്‍ ഹെഡ് എന്നും തേര്‍ഡ് ട്രാക്ഷന്‍ എന്നും അറിയപ്പെടുന്ന രണ്ടു സമ്പ്രദായങ്ങളാണ് അവലംബിച്ചുവരുന്നത്. പാതയ്ക്കു സമാന്തരമായി വശങ്ങളിലൂടെ വൈദ്യുതി എത്തിക്കുന്ന തേര്‍ഡ് ട്രാക്ഷന്‍ രീതിയാണു കൊച്ചി മെട്രോയ്ക്കുള്ളത്. പാതയ്ക്കു മുകളിലൂടെ വൈദ്യുതി ലൈന്‍ വലിക്കുന്നതാണ് ഓവര്‍ ഹെഡ് എന്നറിയപ്പെടുന്ന സമ്പ്രദായം.
മുട്ടം മുതല്‍ പാലാരിവട്ടം വരെയും പിന്നീട് ആലുവ മുതല്‍ മുട്ടം വരെയും തേര്‍ഡ് ട്രാക്ഷന്‍ ഡല്‍ഹിയിലെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജനറലിന്റെ അംഗീകാരം ലഭിക്കുകയുണ്ടായി. പാതയ്ക്കുള്ള പ്രാഥമിക അംഗീകാരം റെയില്‍വേയാണു നല്‍കിയത്. അതുപോലെതന്നെ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ലിഫ്റ്റുകളും എലവേറ്ററുകളും അടക്കമുള്ളവയും അതുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിച്ച് അംഗീകാരം നല്‍കേണ്ടതുണ്ട്. ഇതിനുള്ള നടപടികളും നടന്നുവരികയാണ്.
എന്നാല്‍ ഇത്തരത്തിലുള്ള വെവ്വേറെ ഏന്‍സികളുടെ അനുമതി ലഭിച്ചാലും കമ്മീഷണറേറ്റ് ഓഫ് മെട്രോ റെയില്‍ സേഫ്റ്റി (സിഎംആര്‍എല്‍) പരിശോധന നടത്തി നല്കുന്ന അന്തിമ അംഗീകാരം നേടിക്കൊണ്ടുമാത്രമേ വാണിജ്യ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി പരിശോധനകള്‍ക്കായി പാതയും സ്റ്റേഷനുകളും അടക്കമുള്ള സംവിധങ്ങള്‍ ഈ ഏജന്‍സിയെ ഏല്‍പ്പിക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായി നടത്തേണ്ട എഴുത്തുകുത്തുകള്‍ കെഎംആര്‍എല്‍ നടത്തിവരികയാണ്.