തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ മെട്രോ സ്റ്റേഷന് രാജർഷി രാമവർമ്മയുടെ പേര് നൽകണമെന്ന ആവശ്യത്തിനിടെ എസ്എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷന് ചോയ്സ് സ്കൂൾ പേര് കൂടി ചേർത്ത് മെട്രോ അധികൃതർ.
മെട്രോയുടെ ടെർമിനൽ സ്റ്റേഷന് രാജർഷിയുടെ പേര് നൽകണമെന്നാവശ്യപ്പെട്ടതിന് പേരുമാറ്റം ആവശ്യപ്പെടാത്ത എസ്എൻ ജംഗ്ഷന് ഒരു പേര് കൂടി നൽകിയ മെട്രോ അധികൃതരുടെ ഉദാരമനസിൽ അമ്പരന്നിരിക്കുകയാണ് നാട്ടുകാർ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് സർവീസ് നടത്തുന്ന മെട്രോ ട്രെയിനുകളിൽ, ട്രെയിൻ എസ്.എൻ ജംഗ്ഷൻ സ്റ്റേഷനിലെത്തുമ്പോൾ ഡിസ്പ്ലേ ബോർഡിൽ എഴുതിക്കാണിക്കുന്നതും അനൗൺസ് ചെയ്യുന്നതും എസ്എൻ ജംഗ്ഷൻ ചോയ്സ് സ്കൂൾ എന്നാണ്.
മെട്രോ സ്റ്റേഷന്റെ പേര് മാറ്റിയതിൽ എഡ്രാക് മുനിസിപ്പൽ കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.എസ്എൻ ജംഗ്ഷൻ എന്ന പേര് നിലനിർത്തണമെന്ന് പ്രസിഡന്റ് അബ്ദുൾ ഗഫൂർ, സെക്രട്ടറി ജി. ചന്ദ്രമേഹൻ, മേഖല പ്രസിഡന്റ് കെ.എ. ഉണ്ണിത്താൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.