കൊച്ചി: മെട്രോ നിർമാണത്തിനിടെ സൂപ്പർവൈസർ വീണു മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ്. ഇരിങ്ങാലക്കുട കോണത്തുകുന്ന് സ്വദേശി വി.ആർ. ശരത് (24) മരിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മരട് പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്ക് കൈമാറും.
സംഭവത്തിൽ ദൂരുഹതയൊന്നുമില്ലെന്നാണു പോലീസിന്റെ നിഗമനം. ഇന്നലെ രാവിലെ 8.45ന് വൈറ്റിലയിലെ മെട്രോയുടെ 863- ാം തൂണിനു സമീപത്തായിരുന്നു അപകടം. ഗർഡറിനു സമീപത്തു കോണ്‍ക്രീറ്റിംഗ് ജോലികൾക്കുശേഷം തട്ടുകൾ പൊളിച്ചുമാറ്റിക്കൊണ്ടിരുന്ന തൊഴിലാളികൾക്കു നിർദേശം നൽകാനെത്തിയതായിരുന്നു ശരത്.
ജീവനക്കാർക്ക് കയറിനിൽക്കാനായി നിർമിച്ച താത്ക്കാലിക പ്ലാറ്റ്ഫോമിലേക്കു കയറവേ കാൽവഴുതി വീഴുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.