കൊച്ചി: മെട്രോ തൂണുകളിൽ അലങ്കാരച്ചെടികൾ നട്ടുവളർത്തി സുന്ദരമാക്കാനുള്ള കെഎംആർഎലിന്റെ പദ്ധതി പൂവണിഞ്ഞില്ല. മെട്രോ തൂണുകളെല്ലാം പരസ്യം സ്ഥാപിക്കുന്നതിനായി വിറ്റതോടെ വെർട്ടിക്കൽ ഗാർഡൻ പദ്ധതി തൽക്കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഓരോ അഞ്ചു തൂണുകൾക്കു ശേഷം വരുന്ന തൂണുകളിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കാനായിരുന്നു പദ്ധതി.
ഇടപ്പള്ളി മെട്രോ സ്റ്റേഷനോടു ചേർന്നുള്ള രണ്ടു തൂണുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വെർട്ടിക്കൽ ഗാർഡൻ നിർമിച്ചിരുന്നു. എന്നാൽ ശരിയായി പരിപാലിക്കാത്തതിനാൽ ഇവ രണ്ടും കരിഞ്ഞുണങ്ങിയ നിലയിലാണ്. ചകിരി കൊണ്ട് നിർമിച്ച കവചത്തിൽ മാലിന്യത്തിൽനിന്നു സംസ്കരിച്ചെടുക്കുന്ന വളവും നിറച്ച് അതിലാണ് ചെടികൾ നടുന്നത്.
വളം കിട്ടാനുള്ള മാർഗങ്ങൾ അടഞ്ഞതാണ് വെർട്ടിക്കൽ ഗാർഡന്റെ പരിപാലനം തടസപ്പെടാൻ കാരണമെന്ന് അധികൃതർ പറയുന്നു. കൊച്ചി കോർപറേഷനിൽനിന്നു മാലിന്യം വാങ്ങാമെന്ന കണക്കുകൂട്ടലിലാണ് കെഎംആർഎൽ പദ്ധതി വിഭാവനം ചെയ്തത്.
എന്നാൽ ബ്രഹ്മപുരത്ത് വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമിക്കുന്പോൾ കൂടുതൽ മാലിന്യം വേണ്ടിവരുന്നതിനാൽ മാലിന്യം നൽകാനാകില്ലെന്നു കോർപറേഷൻ അറിയിച്ചു. മറ്റിടങ്ങളിൽനിന്നു മാലിന്യം എത്തിക്കാനുള്ള മാർഗങ്ങളും അടഞ്ഞതോടെ പദ്ധതി ഉപേക്ഷിക്കേണ്ട ഘട്ടത്തിലെത്തുകയായിരുന്നു.
അതിനിടെ വെർട്ടിക്കൽ ഗാർഡൻ പദ്ധതിക്കായി മാറ്റിവച്ച തൂണുകളും അധികവരുമാനം ലക്ഷ്യമിട്ടു പരസ്യത്തിനായി നൽകാമെന്ന ആശയം ഉയർന്നതോടെ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. മെട്രോ ഒന്നാംഘട്ടം പൂർത്തിയായശേഷം വെർട്ടിക്കൽ ഗാർഡൻ പദ്ധതി പുനരാലോചിക്കാമെന്ന നിലപാടിലാണ് കെഎംആർഎൽ. അതുവരെ എല്ലാ തൂണുകളും പരസ്യത്തിനു നൽകി പരമാവധി വരുമാനം നേടാനാണു ലക്ഷ്യം.