തൃപ്പൂണിത്തുറ: കൊച്ചി മെട്രോ തൃപ്പുണിത്തുറയിലേക്ക് നീട്ടുന്നതിന്റെ നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് തൃപ്പുണിത്തുറ നഗരസഭ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിക്കാനായി കൊച്ചി മെടോ റെയിൽ ലിമിറ്റഡിന്റെ(കെഎംആർഎൽ) ഉദ്യോഗസ്ഥർ നിർദിഷ്ട സ്ഥലങ്ങൾ സന്ദർശിച്ചു. കെഎംആർഎൽ ജനറൽ മാനേജർമാരായ ബിനു കോശി, രേഖ പ്രകാശ് എന്നിവരാണ് സ്ഥലങ്ങൾ സന്ദർശിച്ചത്.
നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാ ദേവി, വൈസ് ചെയർമാൻ ഒ.വി. സലിം, കൗൺസിലർമാരായ ജോഷി സേവ്യർ, വി.ആർ. വിജയകുമാർ, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ്കുമാർ, നഗരസഭ എൻജിനീയർ ഷീബു എൽ. നാൽപ്പാട്ട് എന്നിവർ മെടോ അധികാരികളെ നഗരസഭയുടെ നിർദേശങ്ങൾ ബോധ്യപ്പെടുത്തി.
പേട്ട പാലം നാലുവരിയായി വീതി കുട്ടി നിർമ്മിക്കുക, മെട്രോ സ്റ്റേഷൻ വടക്കേക്കോട്ട ഭാഗത്തു സ്ഥാപിക്കുക, പെരിക്കാട് പാലം പുതുക്കിപണിയുക, വടക്കേക്കോട്ടയിൽ നിന്ന് എസ്എൻ ജംഗ്ഷനിലേക്ക് ഫ്ളൈ ഓവർ നിർമാണം, നഗരസഭയുടെ നിർദിഷ്ട ബസ് ടെർമിനലിലേക്ക് മെട്രോ നീട്ടുന്നത് തുടങ്ങിയ വിഷയങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് മെട്രോ അധികൃതർ പറഞ്ഞു.