തൃപ്പൂണിത്തുറ: മെട്രോ നിർമാണം നടക്കുന്ന പേട്ട പാലത്തിനടുത്തുള്ള റോഡിലെ കോൺക്രീറ്റ് ചേമ്പർ അപകരമായ വിധത്തിൽ താഴുന്നു. പേട്ട പനങ്കുറ്റി പുതിയ പാലത്തിന്റെ തൃപ്പൂണിത്തുറ ഭാഗത്തേയ്ക്കുള്ള ഇറക്കത്തിലാണ് ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തിലാക്കുന്ന വിധത്തിൽ ചേമ്പറിന്റെ ഇരുമ്പ് ഷീറ്റുകൾ താഴ്ന്നിരിക്കുന്നത്.
വലിയ വാഹനങ്ങൾ ഇതിലൂടെ കയറുമ്പോൾ ഇരുമ്പ് ഷീറ്റുകൾ വലിയ ശബ്ദത്തോടെ ഇളകുകയാണ്. മുൻപ് ഇരുമ്പ് ഷീറ്റുകൾക്ക് പകരം കോൺക്രീറ്റ് ബ്ലോക്കുകളായിരുന്നു ചേമ്പറിന്റെ മുകളിലിട്ടിരുന്നത്.
എന്നാൽ ഭാരവാഹനങ്ങൾ കയറിയിറങ്ങിയതോടെ ഈ ബ്ലോക്കുകൾ പൊട്ടിത്തകരുകയും പിന്നീട് കനം കൂടിയ ഇരുമ്പ് ഷീറ്റുകൾ സ്ഥാപിക്കുകയുമായിരുന്നു. ഇപ്പോൾ ചേമ്പറിന്റെ ഒരു വശത്തെ ഭിത്തിയാണ് താഴേയ്ക്കിരുന്നത്. അതിനൊപ്പം മുകളിലെ ഷീറ്റുകളും ഇളകി താഴ്ന്നിട്ടുണ്ട്.
അടിഭാഗം കോൺക്രീറ്റ് ചെയ്തിരിക്കുന്ന ചേമ്പറിന്റെ ഭിത്തി താഴ്ന്നുപോയത് നിർമാണത്തിലെ പോരായ്മയാണെന്ന് പറയപ്പെടുന്നു.ഗ്യാസ് പൈപ്പ് ലൈനിന്റെ സുരക്ഷാ ചേമ്പറാണ് ഇപ്രകാരം താഴ്ന്നിരിക്കുന്നത്. പകൽ സമയം ഈ ഭാഗത്ത് റോഡ് ബ്ലോക്ക് വരുന്നതു കൊണ്ടു മാത്രമാണ് ഇരുചക്രവാഹനങ്ങൾ ഇതിൽ ചാടാതെ രക്ഷപ്പെടുന്നത്.
രാത്രി പത്ത് മുതൽ രാവിലെ വരെ ഈ റോഡ് പണികൾക്ക് വേണ്ടി അടച്ചിടുന്നതും യാത്രക്കാരെ അപകടത്തിൽനിന്നും രക്ഷപ്പെടുത്തുന്നുണ്ട്. റോഡ് സുരക്ഷിതമാക്കാൻ ചുമതലപ്പെട്ടവർ നടപടയിയെടുക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.