കൊച്ചി: മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം തന്നെ സൂപ്പർ ഹിറ്റ്. 20,42,740 രൂപയാണ് ടിക്കറ്റ് വിൽപ്പനയിലൂടെ ആദ്യ ദിനം മെട്രോയ്ക്കു ലഭിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴു വരെ 62,320 പേർ മെട്രോയിൽ യാത്ര ചെയ്തു. ഉച്ചയ്ക്ക് രണ്ടു വരെയുള്ള കണക്കുകൾ പ്രകാരം 29,277 യാത്രക്കാരായിരുന്നു മെട്രോയിൽ യാത്ര ചെയ്തത്. ആദ്യദിന യാത്രക്കാരുടെ എണ്ണം ദിവസം അവസാനിക്കുന്പോഴേയ്ക്കും റിക്കാർഡ് ഭേദിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കെഎംആര്‍എൽ.
രാവിലെ ആറിന് തുടങ്ങിയ സർവീസുകൾ മുതൽ മെട്രോയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ആദ്യദിനം തന്നെ യാത്രക്കാർ കൊച്ചി മെട്രോ ഉത്സവമാക്കി. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി അനേകം പേരാണ് സർവീസ് തുടങ്ങുന്ന ആദ്യ ദിനംത്തന്നെ മെട്രോ യാത്ര നടത്താനെത്തിയത്. പലരും ആദ്യമായി മെട്രോയിൽ കയറുന്നതിന്റെ ആവേശത്തിലായിരുന്നു.
കുടംബമായി മെട്രോയിലേറാൻ വന്നവരും നിരവധിയായിരുന്നു. പുലർച്ചെ അഞ്ചരയോടെ തിരക്കു വർധിച്ചതിനാൽ 5.45നുതന്നെ ടിക്കറ്റുകൾ നൽകാൻ ആരംഭിച്ചിരുന്നു.രാവിലെ ആറു മുതൽ രാത്രി 10 വരെയാണ് മെട്രോ സർവീസ് നടത്തുന്നത്. ഓരോ 10 മിനിറ്റ് ഇടവിട്ട് സർവീസുണ്ടാകും. ദിവസം 219 ട്രിപ്പുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.