കൊച്ചി: മദ്യലഹരിയിൽ ട്രാക്കിലൂടെ ഓടിയ യാത്രക്കാരൻ ഒരു മണിക്കൂറോളം മെട്രോ ഗതാഗതം തടസപ്പെടുത്തി. ഇന്നലെ വൈകുന്നേരം നാലേകാലോടെ പാലാരിവട്ടം സ്റ്റേഷനിൽ ട്രെയിൻ കയറാൻ എത്തിയ മലപ്പുറം തേഞ്ഞിപ്പലം കെകെ പീടികയിൽ വീട്ടിൽ സെയ്താലിയുടെ മകൻ അലി അക്ബർ (33) ആണ് മെട്രോ ഗതാഗതം താറുമാറാക്കിയത്.
ട്രാക്കിലൂടെ ചങ്ങന്പുഴ ഭാഗത്തേക്ക് ഓടിയ ഇയാളെ സുരക്ഷാ ജീവനക്കാർ പിന്നാലെ ഓടി പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മെട്രോ ഗതാഗതം തടസപ്പെടുത്തിയതുൾപ്പെടെ ഗുരുതരമായ വകുപ്പുകൾ ചുമത്തി പാലാരിവട്ടം പോലീസ് കേസെടുത്തു.
പാലാരിവട്ടം സ്റ്റേഷനിൽനിന്നു ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിലെത്തിയ അലി അക്ബർ മദ്യലഹരിയിൽ മറ്റു യാത്രക്കാർക്കു ശല്യമുണ്ടാക്കുന്നതു ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാർ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്കു ചാടി.
സുരക്ഷാ ജീവനക്കാർ ഉടൻ എമർജൻസി പവർ പ്ലഞ്ചറിന്റെ ലിവർ തിരിച്ച് ട്രാക്കിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അടിയന്തരഘട്ടങ്ങിൽ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതിനായി മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന സംവിധാനമാണ് എമർജൻസി പവർ പ്ലഞ്ചർ. ഈ സംവിധാനം ഉപയോഗിക്കുന്പോൾ സ്റ്റേഷന്റെ ഇരുവശത്തേക്കുമുള്ള വൈദ്യുതിബന്ധം മാത്രമാണു വിച്ഛേദിക്കപ്പെടുന്നത്.
എന്നാൽ, അലി അക്ബർ പാളത്തിലൂടെ ഓടാൻ തുടങ്ങിയതോടെ മെട്രോ പാതയിലെ മുഴുവൻ ഭാഗത്തെയും വൈദ്യുതിബന്ധം വിച്ഛേദിച്ചു. എല്ലാ ട്രെയിനുകളും അടുത്തുള്ള സ്റ്റേഷനുകളിൽ നിർത്തിയിടാൻ നിർദേശം നൽകി. ഇതോടെ മെട്രോയുടെ സിഗ്നലിംഗ് സംവിധാനം പൂർണമായും നിലച്ചു.
ചങ്ങന്പുഴപാർക്ക് സ്റ്റേഷൻ ഭാഗത്തേക്ക് ഓടിയ യുവാവിനു പിന്നാലെ സുരക്ഷാ ജീവനക്കാരും പാഞ്ഞു. പാളത്തിലൂടെ 200 മീറ്റർ ഓടിയ അലി അക്ബറിനെ സുരക്ഷാ ജീവനക്കാർ കീഴ്പ്പെടുത്തി പൊക്കിയെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടർന്നു പാലാരിവട്ടം പോലീസിനെ വിളിച്ചുവരുത്തി കൈമാറി.
നൂറുകണക്കിനു യാത്രക്കാരുമായി ആറു ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടു. ഗതാഗതം സാധാരണ നിലയിലാക്കാൻ 50 മിനിട്ടെടുത്തു. കേന്ദ്ര മെട്രോ നിയമത്തിലെ 64, 67, 70 വകുപ്പുകൾ അനുസരിച്ച് ഗുരുതര കുറ്റകൃത്യം ചുമത്തിയാണ് അലിക്കെതിരേ കേസെടുത്തിരിക്കുന്നത്. നാലു വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണിവ. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത ശേഷം ഒരാൾ ട്രാക്കിൽ ഇറങ്ങി ഗതാഗതം തടസപ്പെടുത്തിയത് ഇതാദ്യമാണ്.