ആലുവ മുതലുള്ള അഞ്ചു സ്റ്റേഷനുകൾക്ക് സെമി നെയിമിംഗ് അഥവാ സ്റ്റേഷന്റെ പേരിനൊപ്പം സ്വകാര്യ കന്പനികളുടെ പേരുകൂടി ചേർത്തുവയ്ക്കുന്ന അർധനാമകരണം നടപ്പാക്കുന്നതിലൂടെ മെട്രോയ്ക്ക് ഇതുവരെ ലഭിച്ചത് 15.5 കോടി രൂപ. ഏഴുന്നൂറിലധികം വരുന്ന മെട്രോ തൂണുകളിൽ പകുതിയിലധികം തൂണുകളിലും പരസ്യം സ്ഥാപിക്കുന്നതിലൂടെയും കോടികളുടെ വരുമാനമുണ്ട്.
മെട്രോ ട്രെയിനും സ്റ്റേഷനും സിനിമാ ചിത്രീകരണത്തിനും ലഭ്യമാക്കുന്നതും മറ്റൊരു വരുമാന മാർഗമാണ്. ട്രെയിനിനു വാടക മണിക്കൂറിന് മൂന്നു ലക്ഷവും സ്റ്റേഷനു മണിക്കൂറിനു രണ്ടു ലക്ഷവും എന്നാണു നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ മുൻകരുതൽ തുകയായി ട്രെയിനിന് ആറു ലക്ഷവും സ്റ്റേഷനു നാലു ലക്ഷം രൂപയും നൽകണം. സ്റ്റേഷനും ഉൾഭാഗത്തും പുറത്തുമായി സ്ഥാപിക്കുന്ന പരസ്യങ്ങളിലൂടെയും കോടികളുടെ വരുമാനം ലഭിക്കും.
സ്റ്റേഷനുകളിൽ റസ്റ്ററന്റുകൾക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കുമായി സജജീകരിച്ചിട്ടുള്ള സ്ഥലത്തിന്റെ വാടകയിനത്തിലും വരുമാനം ലഭിക്കും. എന്നാലും കൊച്ചി മെട്രോ തുടക്കത്തിൽ തത്ക്കാലം നഷ്ടത്തിൽത്തന്നെയാകും മുന്നോട്ടുപോകുക എന്നാണ് നിഗമനം. 2017-18 സാന്പത്തിക വർഷത്തിൽ ടിക്കറ്റേതര വരുമാന ഇനത്തിൽ മാത്രം 50 കോടി രൂപ നേടുകയെന്നതാണ് മെട്രോയുടെ ലക്ഷ്യം.
കാക്കനാട് 17 ഏക്കർ ഭൂമിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന മെട്രോ ടൗണ്ഷിപ് പദ്ധതിയിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാർക്കു താങ്ങാവുന്ന വിലയ്ക്കു വാസഗൃഹങ്ങൾ നിർമിച്ചു നൽകുകയും ആ മേഖല കൊമേഴ്സൽ ടൗണ്ഷിപ്പായി വികസിപ്പിക്കുകയും ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. അതുപോലെ ആലുവയ്ക്കടുത്ത് മുട്ടത്ത് 230 ഏക്കർ സ്ഥലത്ത് മെട്രോ വില്ലേജ് സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. ഇത്തരത്തിലുള്ള വരുമാന ശ്രോതസുകളിലൂടെ കൊച്ചി മെട്രോയെ താങ്ങി നിർത്താനാണ് ശ്രമം.