ആലുവ: കൊച്ചി മെട്രോ സോളാർ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു. ഉദ്ഘാടനത്തിന് സ്ഥലം എംഎൽഎ അൻവർ സാദത്തിനെ ക്ഷണിക്കാത്തത് വിവാദമായതിനെ തുടർന്നാണ് പരിപാടി മാറ്റിവച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി കെഎംആർഎൽ അധികൃതരെ അതൃപ്തി അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അൻവർ സാദത്ത് പറഞ്ഞു.
പരിപാടിയിലേക്ക് തന്നെ ക്ഷണിക്കാത്തതിൽ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചതായി അൻവർ സാദത്ത് നേരത്തേ പറഞ്ഞിരുന്നു. ചടങ്ങിൽനിന്നു വിട്ടു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെഎംആർഎല്ലിന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ആലുവയിൽ യുഡിഎഫ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.
സംഭവത്തിൽ കെഎംആർഎല്ലിന്റെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. പരിപാടിയിലേക്ക് ജില്ലയിലെ എംഎൽഎമാരായ ഹൈബി ഈഡൻ, പി.ടി. തോമസ് എന്നിവരെയും ക്ഷണിച്ചിരുന്നില്ല.
നേരത്തേ, ആലുവ മുതൽ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോപാതയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര നടത്തി. മെട്രോ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് മെട്രോയുടെ ചുമതലയുള്ള മുഖ്യമന്ത്രി പദ്ധതി പ്രദേശം സന്ദർശിച്ച് യാത്ര നടത്തിയത്.