കൊച്ചി: ഉമ്മൻചാണ്ടിയുടെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ നടത്തിയ മെട്രോയാത്രയിലെ ജനപങ്കാളിത്തം കണ്ടുണ്ടായ അന്പരപ്പാണു സിപിഎമ്മിന്റെ ആരോപണങ്ങൾക്കു പിന്നിലെന്നു ജില്ലാ കോണ്ഗ്രസ് നേതൃത്വം.
സ്മാർട്ട് സിറ്റിയുടെ ഉദ്ഘാടന ദിവസം വിദേശഭരണാധികാരികൾ വരെ എത്തിയപ്പോൾ ഉദ്ഘാടനവേദിയിലേക്കു പ്രതിഷേധ സമരം നടത്തിയവരാണ് ഇപ്പോൾ മെട്രോ സംസ്ക്കാരത്തെക്കുറിച്ച് വേവലാതിപ്പെടുന്നതെന്നും ഡിസിസി പ്രിസഡന്റ് ടി.ജെ. വിനോദ് പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മുൻകൂർ നോട്ടീസ് നൽകി വിളിച്ചുവരുത്തിയ ആൾക്കൂട്ടമല്ല ആലുവയിലെത്തിയത്. മെട്രോ ഉദ്ഘാടനവേളയിൽ ഉമ്മൻചാണ്ടിയെ ഒഴിവാക്കിയതിലും പ്രതിപക്ഷനേതാവിനു പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിലും സാധാരണക്കാർക്കുണ്ടായ സ്വാഭാവിക പ്രതിഷേധമാണ് ഇത്രയും ജനപങ്കാളിത്തത്തിനു കാരണം. ജനകീയ മെട്രോ യാത്രയിൽ പങ്കെടുത്തവർ കൃത്യമായി ടിക്കറ്റെടുത്തിരുന്നു. ചിലർ പ്രചരിപ്പിക്കും പോലെയല്ല കാര്യങ്ങളെന്നും ടി.ജെ. വിനോദ് ചൂണ്ടിക്കാട്ടി.