കാഞ്ഞങ്ങാട്: നിഷ്കളങ്കമായ മുഖം, പിഞ്ചുകുട്ടികളുടെതു പോലെ പാൽപുഞ്ചിരി. കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞുനിന്ന മെട്രോ മുഹമ്മദ് ഹാജിയുടെ മുഖം പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ കർമമണ്ഡലവും.
കാഞ്ഞങ്ങാട് നവരംഗ് ബിൽഡിംഗിൽ വ്യാപാരിയായി ജീവിതമാരംഭിച്ച മുഹമ്മദ് ഹാജി പ്രവാസിജീവിതകാലത്താണ് വ്യവസായ-വാണിജ്യ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. തുടർന്നാണ് തന്റെ പേരിനോടൊപ്പം പ്രസ്ഥാനങ്ങളുടെ പേരു കൂടി ചേർത്ത് അറിയപ്പെടാൻ തുടങ്ങിയത്.
തന്റെ സംരംഭങ്ങൾ മെച്ചപ്പെട്ട നിലയിൽ നടത്തിക്കൊണ്ടു പോകുമ്പോഴും മുസ്ലിം ലീഗിന്റെ അമരത്തിലൊരാളാകാൻ സമയം കണ്ടെത്തി. നിരവധി മത-ഭൗതിക വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അമരക്കാരനാകാനും പൊതുരംഗത്ത് സജീവമാകാനും സമയം കണ്ടെത്താൻ മെട്രോ ഹാജിക്കായി.
പാവങ്ങളെ സഹായിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. സഹായ അഭ്യർഥനയുമായി എത്തുന്ന ഏതൊരാളെയും വെറും കൈയ്യോടെ വിടുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല.
കാഞ്ഞങ്ങാട്ടെ ഏതൊരു രാഷ്ട്രീയപാർട്ടിയും സംഘടനകളും ക്ലബുകളുമെല്ലാം പാവപ്പെട്ടവർക്ക് സഹായമെത്തിക്കാനുള്ള പദ്ധതി തയാറാക്കിയാൽ സംഭാവനയ്ക്കായി ആദ്യം ചെല്ലുന്നത് മെട്രോയുടെ അടുത്തായിരിക്കും. ജാതിയോ മതമോ പാർട്ടിയുടെ കൊടിയോ ഒന്നും സഹായം നൽകുന്നതിന് മാനദണ്ഡമായിരുന്നില്ല.
കോവിഡ് കാലത്ത് അതിഥിതൊഴിലാളികൾക്ക് ഭക്ഷ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിലും അദ്ദേഹം സജീവമായിരുന്നു. എല്ലാ രാഷ്ട്രീയ-സാമൂഹ്യപ്രവർത്തനമേഖലയിലുള്ളവരുമായി മെട്രോ ഹാജിക്ക് അഭേദ്യമായ ബന്ധമായിരുന്നു. പാണക്കാട് കൊടപനയ്ക്കല് തറവാടുമായി വലിയ ആത്മബന്ധം ഉണ്ടായിരുന്നു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. തന്റെ നാട്ടിലും സംയുക്ത ജമാഅത്ത് പരിധിയിലും മതമൈത്രി നിലനിർത്താൻ ഹാജി സദാ ജാഗരൂകമായിരുന്നുവെന്നതും ശ്രദ്ധേയമായിരുന്നു.
ഈ പ്രത്യേകത കൊണ്ടുതന്നെ നാട്ടിലെ ഉറൂസുകളിലും ഉത്സവങ്ങളിലും കളിയാട്ട വേദികളിലും മുഹമ്മദ് ഹാജിയുടെ നിറസാന്നിധ്യമായിരുന്നു.
പരേതനായ ഉഡുപ്പി പേജവാര്‍ മഠാധിപതി വിശ്വേശ തീര്‍ഥ ഉള്‍പ്പെടെയുള്ള ആത്മീയനേതാക്കളുമായി അദ്ദേഹത്തിന് ഏറെ ആത്മബന്ധമുണ്ടായിരുന്നു.
ഏറ്റവുമൊടുവിൽ ഏഴുനൂറ്റാണ്ടുകൾക്കു ശേഷം നടന്ന കല്യോട്ട് ഭഗവതി ക്ഷേത്ര കഴക പെരുങ്കളിയാട്ട നടത്തിപ്പിന്റെ താക്കോൽസ്ഥാനത്തിരുത്തിയതും മെട്രോ മുഹമ്മദ് ഹാജിയെയായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ആഴ്ച മുൻപാണ് മെട്രോ ഹാജിയെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അവിടെ നിന്ന് കോഴിക്കോട് മുക്കത്തെ എംവിആർ കാൻസർ സെന്റററിലും മൈത്ര ഹോസ്പിറ്റലിലും ചികിത്സയിലിരിക്കെയായിരുന്നു മരണം. മരണത്തോടു മല്ലടിക്കുമ്പോഴും ആശുപത്രിയിൽ തന്നെ ചികിത്സിച്ചവർക്കു പെരുന്നാൾ കിറ്റ് നൽകി സന്തോഷിപ്പിക്കാനും അദ്ദേഹം മറന്നില്ല.
എസ്കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റിയുടെ ശംസുല്‍ ഉലമാ അവാര്‍ഡ്, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് സ്മാരക അവാര്‍ഡ്, രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ്, പ്രവാസി കര്‍മ പുരസ്കാര, ഗാന്ധിദര്‍ശന്‍ അവാര്‍ഡ്, കുവൈത്ത് കെഎംസിസിയുടെ ഇ. അഹമ്മദ് അവാര്‍ഡ്, ന്യൂനപക്ഷ വിദ്യഭ്യാസസമിതിയുടെ മികച്ച വിദ്യഭ്യാസ പ്രവര്‍ത്തകനുള്ള അവാര്‍ഡ്, കോയമ്പത്തൂര്‍ കാരുണ്യ ബ്ലഡ് ഡോണേഴ്സ് അസോസിയേഷന്റെ കാരുണ്യദര്‍ശന്‍ അവാര്‍ഡ്, ദക്ഷിണേന്ത്യന്‍ കള്‍ച്ചറല്‍ സമാജരത്ന തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.