ന്യൂഡൽഹി: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽനിന്നു മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരനെ ഒഴിവാക്കി. ചടങ്ങിന് വേദിയിൽ ഉണ്ടാവേണ്ടവർ ആരൊക്കെയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പട്ടികയിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കി.
മെട്രോ നിർമ്മാണത്തിന്റെ മുഖ്യഉപദേശകനായ ഇ.ശ്രീധരന് പുറമെ കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.ടി. തോമസ് എംഎൽഎ എന്നിവരെയും ഉദ്ഘാടന വേദിയിൽ നിന്ന് ഒഴിവാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവർണർ പി. സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയർ സൗമിനി ജെയ്ൻ, കെ.വി. തോമസ് എംപി, എന്നിവരാകും വേദിയിലുണ്ടാകുക. വേദിയിൽ ഇരിക്കേണ്ടവരുടേതായി ഈ ഏഴ് പേരുടെ പേരുകളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയിട്ടുള്ളത്. കെഎംആർഎൽ13 പേരുടെ പേരുകളായിരുന്നു ചടങ്ങിലേക്ക് നൽകിയത്.
അതേസമയം വേദിയിൽനിന്നു ഒഴിവാക്കിയതിൽ അസ്വഭാവികത ഇല്ലെന്നു ശ്രീധരൻ അറിയിച്ചു. ഇതിൽ പരാതിയില്ലെന്നും ഇക്കാര്യം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.