സ്വന്തം ലേഖകന്‍
കൊച്ചി: കെ. റെയില്‍ പദ്ധതിക്കെതിരേ മെട്രോമാന് ഇ. ശ്രീധരന് പരസ്യമായ പ്രതികരണവുമായി രംഗത്തുവന്നത് പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിനും വിവിധ സംഘടനകള്‍ക്കും പുത്തന്‍ ഊര്‍ജം പകരും.
പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരുടേയും പ്രതിഷേധക്കാരുടേയും വാദങ്ങള്‍ക്കു ബലം പകരുന്നതാണ് പദ്ധതിയുടെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ശ്രീധരന്റെ ഇന്നലത്തെ പ്രസ്താവന. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളിയ അദ്ദേഹം പദ്ധതികൊണ്ടുണ്ടാകാവുന്ന ദോഷങ്ങളും അക്കമിട്ടു നിരത്തി.
പദ്ധതിയുടെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ യോഗം ചേരുന്നതിനു തൊട്ടുമുമ്പ് ശ്രീധരന് പുറത്തിറക്കിയ പത്രക്കുറിപ്പ്, എന്തു വില കൊടുത്തും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനും തിരിച്ചടിയായിരിക്കുകയാണ്.
രാജ്യത്തെ ഒട്ടേറെ വലിയ പദ്ധതികളുടെ നിര്‍മാണത്തിന് നേതൃത്വം നല്കി ജനവിശ്വാസം ആര്‍ജിച്ചിട്ടുള്ള ഇ. ശ്രീധരനെപോലൊരാളുടെ വാക്കുകളെ പൂര്‍ണമായും അവഗണിക്കുന്നതും ക്ഷീണമാകും.
സില്‍വര്‍ലൈന്‍ ഭൂമിയിലൂടെ പോകുന്ന ഭാഗങ്ങളിലെല്ലാം ട്രാക്കിന്റെ ഇരുവശത്തും മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തില്‍ ഭിത്തി നിര്‍മിക്കേണ്ടിവരുമെന്നും വേലികള്‍ അപര്യാപ്തമാണെന്നും ഇ. ശ്രീധരന് ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ 393 കിലോമീറ്റര്‍ ഭാഗത്ത് ഭിത്തി കെട്ടുന്നത് കടുത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ക്കു കാരണമാകും. വെള്ളം ഒഴുകിപ്പോകാനുള്ള സ്വാഭാവിക മാര്‍ഗങ്ങള്‍ തടസപ്പെടും. പെട്ടെന്നു വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടിന്റെ അവസ്ഥയാവും ഈ 393 കിലോമീറ്ററിലും.
800 റെയില്‍വേ റോഡ് ഓവര്‍ ബ്രിഡ്ജോ റെയില്‍വേ റോഡ് അണ്ടര്‍ ബ്രിഡ്ജോ നിര്‍മിക്കേണ്ടിവരും. ഓരോന്നിനും കുറഞ്ഞത് 20 കോടി രൂപയെങ്കിലും ചെലവ് വരും. അതായത് ആകെ ചെലവ് 1600 കോടി രൂപയാകും. ഇപ്പോഴത്തെ എസ്റ്റിമേറ്റില്‍ ആ ചെലവ് ഉള്‍പ്പെടുത്തിയിട്ടില്ല.
ഇതിന്റെ നിര്‍മാണത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും എന്നതും ഇതു മൂലമുണ്ടാകാവുന്ന കാലതാമസത്തെക്കുറിച്ചും പരാമര്‍ശിച്ചിട്ടില്ലെന്നും മെട്രോമാന് ചൂണ്ടിക്കാട്ടി. വസ്തുതകള്‍ മറച്ചുവച്ച് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.