ഏങ്ങണ്ടിയൂർ: നാടിനു രോഗശാന്തി പകരുന്നതിലൂടെ എം.ഐ ആശുപത്രി സമൂഹത്തിനു നൽകുന്ന സേവനം വലുതാണെന്നു മെട്രോമാൻ പദ്മവിഭൂഷണ് ഡോ. ഇ. ശ്രീധരൻ. ആശുപത്രിയിൽ സ്ഥാപിച്ച മാമോഗ്രാം യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മാമോഗ്രാം യൂണിറ്റിന്റെ ആശീർവാദം നിർവഹിച്ചു. പ്രളയക്കെടുതികളുണ്ടായപ്പോൾ നാടിനെ സഹായിച്ച ആശുപത്രിയാണ് എം. ഐ. ആശുപത്രിയെന്നു മുഖ്യപ്രഭാഷണം നടത്തിയ സംവിധായകൻ സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു.പദ്മവിഭൂഷണ് ഡോ. ഇ. ശ്രീധരന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആശുപത്രിയുടെ ഉപഹാരം സമ്മാനിച്ചു.
ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.കല്യാണ് സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, ഫൊറോന വികാരി ഫാ. ജെയിംസ് വടക്കൂട്ട് എന്നിവർ ആശംസയർപ്പിച്ചു.
വർഗീസ് കൊള്ളന്നൂർ സമ്മാനിച്ച കെടാവിളക്ക് ആർച്ച്ബിഷപ് ഏറ്റുവാങ്ങി. തോമസ് കൊള്ളന്നൂർ, വി.ആർ. അനിൽകുമാർ, കൊച്ചുമാത്യു പൊറത്തൂർ, ജോണി ചാലയ്ക്കൽ, വി.എൽ. പോൾ (ഇസാഫ്), ജോസഫ് തരകൻ, പി.വി. സുനിൽകുമാർ, സിബിൽ തരകൻ, എ.ഡി. കാക്കപ്പൻ ആലപ്പാട്ട്, ഫാ. ടോണി കാക്കശ്ശേരി, ഡോ. ജോയ് തോപ്പിൽ എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. വർഷങ്ങൾക്കുമുന്പ് വിരമിച്ച ജീവനക്കാരെ ആദരിച്ചു.
എം.ഐ. ആശുപത്രി ഡയറക്ടർ ഫാ. ഡോ. ഫ്രാൻസീസ് ആലപ്പാട്ട് സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. വർഗീസ് പഞ്ഞിക്കാരൻ നന്ദിയും പറഞ്ഞു.