കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ മുതൽ തൈക്കൂടം സ്റ്റേഷൻ വരെയുള്ള പരീക്ഷണ ഓട്ടം വിജയം. ഇന്നു രാവിലെ ഏഴിന് മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷനിൽനിന്നുമാണ് പരീക്ഷണയോട്ടം ആരംഭിച്ചത്. അഞ്ചു കിലോ മീറ്റർ വേഗതയിലുള്ള പരീക്ഷണ ഓട്ടം ഒരു മണിക്കൂറെടുത്താണ് തൈക്കൂടം മെട്രോ സ്റ്റേഷനിൽ എത്തിയത്.
പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കഐംആർഎൽ) അധികൃതർ പറഞ്ഞു. കൊച്ചി മെട്രോയിലെയും ഡിഎംആർസിയിലെയും ഇലക്ട്രിക്കൽ, ടെക്നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പരീക്ഷണ ഓട്ടത്തിൽ പങ്കെടുത്തു.
യാത്രക്കാരുടെ ശരാശരി ഭാരത്തിന് സമാനമായ മണൽ ചാക്കുകൾ ട്രെയിനിൽ നിറച്ചായിരുന്നു യാത്ര. കഴിഞ്ഞ 21ന് മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ മുതൽ സൗത്തിലെ ക്യാൻഡി ലിവർ പാലം വരെയുള്ള 1.3 കിലോമീറ്ററിൽ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
ബലം പരീക്ഷിക്കുന്നതിനായി ട്രയൽ റണ്‍ നടത്തിയ ട്രെയിൻ പാലത്തിൽ 24 മണിക്കൂറോളം നിർത്തിയിടുകയും മൂന്നു ദിവസത്തോളം കാൻഡി ലിവർ പാലത്തിൽ മാത്രം പരീക്ഷണ ഓട്ടവും പരിശോധനയും നടത്തുകയും ചെയ്തിരുന്നു. പരീക്ഷണയോട്ടം വിജയകരമായതോടെ കൊച്ചി മെട്രോയുടെ മൂന്നാംഘട്ട ഉദ്ഘാടനം ഉടൻ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.