മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയിനിൽ പ്രശസ്ത ഹിന്ദി നടൻ സൽമാൻ ഖാൻ നൃത്തംചെയ്തോ?’ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ കണ്ട് ആളുകൾ അതിശയപ്പെട്ടു. സമൂഹമാധ്യമമായ എക്സിലാണ് ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
“ഇഷ്ക് ദി ഗല്ലി വിച്ച് നോ എൻട്രി’ എന്ന ജനപ്രിയ ഗാനത്തിനു സൽമാൻ ഖാൻ എന്നു തോന്നുന്നയാൾ ചുവടുവയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. നിമിഷനേരംകൊണ്ട് വീഡിയോ ഹിറ്റാകുകയും ചെയ്തു.
“മുംബൈ ലോക്കൽ ട്രെയിൻ ഒരിക്കലും വിസ്മയം അവസാനിക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഇതിൽ നൃത്തംചെയ്യുന്നയാളെ കണ്ടാൽ സൽമാൻ ഖാൻതന്നെയെന്നു തോന്നും. എന്നാൽ, ഗാനരംഗത്തുള്ളത് സൽമാൻ ഖാൻ അല്ല. ഒറിജിനലിനെ വെല്ലുന്ന “ഡ്യൂപ്പ്’ ആണ്. തന്റെ നൃത്ത വൈദഗ്ധ്യം കൊണ്ട് സൽമാന്റെ ആരാധകരെപോലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് “ഡ്യൂപ്പ്’ കാഴ്ചവയ്ക്കുന്നത്.
“ഇത് ഒറിജിനലിനേക്കാൾ മികച്ചതാണ്’, “മുംബൈയുടെ ആത്മാവ് ആസ്വദിക്കൂ…’ എന്നൊക്കെയാണ് വീഡിയോക്കു കിട്ടിയ കമന്റ്. മുംബൈ ലോക്കൽ ട്രെയിനുകളിലെ യാത്രയ്ക്കിടെ ഡാൻസ് റീൽ ഷൂട്ടിംഗുകളും മറ്റും ഒഴിവാക്കണമെന്നു റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചിത്രീകരണം മുറയ്ക്കു നടക്കുന്നുണ്ട്. കഴിഞ്ഞ മാസം പൊക്കിൾ കാണിച്ചു നൃത്തം ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ റെയിൽവേ നടപടികൾ കർശനമാക്കിയിരിക്കുകയാണ്.