ഫുട്ബോള് ലോകകപ്പില് പങ്കെടുക്കാനായി റഷ്യയിലേക്ക് തിരിക്കുന്നതിനു മുമ്പ് മെക്സിക്കന് ടീമിന് സെക്സ് പാര്ട്ടി ഒരുക്കി യാത്രായയപ്പ് നല്കിയെന്ന് വാര്ത്തകള്. 30ല് അധികം വനിതാ ലൈംഗികത്തൊഴിലാളികളാണ് പാര്ട്ടിയില് പങ്കെടുത്തതെന്നുമുള്ള വിവരങ്ങള് പുറത്തു വിട്ടത് ടിവി നോട്ടാസ് ഗോസിപ്പ് മാഗസിനാണ്.
ശനിയാഴ്ച സ്കോട്ട്ലന്ഡിനെതിരേ ആസ്ടെകാ സ്റ്റേഡിയത്തില് നടന്ന സന്നാഹ മത്സരം ജയിച്ചതിനു ശേഷമായിരുന്നു പാര്ട്ടി. ഒരു സ്വകാര്യ കേന്ദ്രത്തില് നടന്ന പാര്ട്ടിയില് ലോകകപ്പ് ടീമിലുള്ള ഒമ്പത് താരങ്ങള് പങ്കെടുത്തെന്നാണ് വിവരം. ഡസന് കണക്കിന് ലൈംഗികത്തൊഴിലാളികള്ക്കൊപ്പമാണ് കളിക്കാര് വിജയം ആഘോഷിച്ചതെന്ന് മാഗസിന് വ്യക്തമാക്കുന്നു. കളിക്കാര് ലൈംഗികത്തൊഴിലാളികള്ക്കൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഇവര് പുറത്തു വിട്ടിട്ടുണ്ട്.
പാര്ട്ടിയില് പങ്കെടുക്കാന് കളിക്കാര്ക്ക് അനുവാദമില്ലായിരുന്നെങ്കിലും ഒഴിവു സമയമായതിനാല് അവര് പാര്ട്ടിയില് പങ്കെടുക്കുകയായിരുന്നെന്നാണ് ഔദ്യോഗിക വൃത്തങ്ങള് പറയുന്നത്. എന്നാല് അവര് പരിശീലനത്തില് മുടക്കം വരുത്താത്തതിനാല് പാര്ട്ടിയില് പങ്കെടുത്തതിന്റെ പേരില് ആരെയും ശിക്ഷിക്കാന് ഉദ്ദേശ്യമില്ലെന്ന് മെക്സിക്കന് ഫുട്ബോള് അസോസിയേഷന് പ്രസിഡന്റ് ഗ്വില്ലെര്മോ കാന്റു വ്യക്തമാക്കി.
ഒന്നാം നമ്പര് ഗോളി ഗ്വില്ലെര്മോ ഒച്ചോവ, ബെനഫിക്ക സ്ട്രൈക്കര് റൗള് ജിമിനെസ്, ജോനാഥന്,ജിയോവാനി ഡോസ് സാന്റോസ് സഹോദരന്മാര് എന്നീ പ്രമുഖരും പാര്ട്ടിയില് പങ്കെടുത്തവരില് ഉള്പ്പെടുന്നു.നിലവില് കോപ്പന്ഹേഗനിലുള്ള മെക്സിക്കന് ടീം ശനിയാഴ്ച ആതിഥേയരായ ഡെന്മാര്ക്കുമായി സൗഹൃദമത്സരം കളിക്കുന്നുണ്ട്. ഇതിനു ശേഷമാകും റഷ്യയിലേക്ക് പോവുക.
മെക്സിക്കന് ഫുട്ബോള് ടീമിനെതിരേ ഇത്തരം ആരോപണങ്ങളുയരുന്നത് ഇത് ആദ്യമായല്ല. 2010 സെപ്റ്റംബറില് ഒരു മത്സരത്തിനു ശേഷം ഒരു സ്ത്രീയ്ക്കൊപ്പം ഇത്തരം ആഘോഷം നടത്തിയതിന് സ്ട്രൈക്കര് കാര്ലോസ് വേലയെയും ഡിഫന്ഡര് എഫ്രെയ്ന് ഹുവാരെസിനെയും ആറു മാസത്തേക്ക് സസ്പെന്ഡ് ചെയ്തിരുന്നു. 2011ലെ കോപ്പാ അമേരിക്ക ടൂര്ണമെന്റില് പങ്കെടുക്കാനായി അര്ജന്റീനയിലേക്കു പോയ ടീമിലെ ചില കളിക്കാരെ ഇക്വഡോര് തലസ്ഥാനമായ ക്വിറ്റോയിലെ ഒരു ഹോട്ടലില് നിന്നും ലൈംഗികത്തൊഴിലാളികള്ക്കൊപ്പം പൊക്കിയത് ടീമിനാകെ നാണക്കേടായി. തുടര്ന്ന് ഈ കളിക്കാരെ ആറു മാസത്തേക്ക് ടീമില് നിന്ന് സസ്പെന്ഡ് ചെയ്യുകയായിരുന്നു.