1986 ലെ ഫുട്ബോൾ ലോകകപ്പ് ക്വാട്ടർ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ അർജന്റീന താരം മറഡോണ കൈകൊണ്ട് ഗോളടിച്ച സംഭവം ഫുട്ബോൾ പ്രേമികൾ അത്ര വേഗമൊന്നും മറക്കില്ല. റഫറി കാണാതെപോയ ആ കരത്തെ ദൈവത്തിന്റെ കരങ്ങൾ എന്നാണ് മറഡോണ വിശേഷിപ്പിച്ചത്. മെക്സിക്കോയിലെ എസ്റ്റാഡിയോ അസ്റ്റെക്ക എന്ന സ്റ്റേഡിയത്തിലാണ് അന്ന് കളി നടന്നത്.
കഴിഞ്ഞ ദിവസം മെക്സിക്കോയിലുണ്ടായ ഭൂകന്പത്തിൽ ഈ സ്റ്റേഡിയത്തിന് കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. മെക്സിക്കോയിലെ പ്രധാന ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ ഒന്നാണിത്. 1970 ലും 1986ലും ഇവിടെ ലോകകപ്പ് മത്സരങ്ങൾ നടന്നിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ ഗ്യാലറികൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉണ്ടായ ഭൂകന്പത്തിൽ കനത്ത നാശമാണ് മെക്സിക്കോയിൽ സംഭവിച്ചത്. 250ൽ അധികംപേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധിപ്പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്.മെക്സിക്കോ സിറ്റിയിൽ ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു.