പത്തനംതിട്ട: കലാകേരളത്തിനു നഷ്ടമായ ചാലക്കുടിക്കാരൻ മണിയുടെ പൂർണരൂപം പുനഃസൃഷ്ടിച്ചപ്പോൾ ഹരികുമാറിനും നിറഞ്ഞ സന്തോഷം. ഒരിക്കൽ പോലും താൻ നേരിൽ കണ്ടിട്ടില്ലാത്ത മണിയെ മെഴുകുപ്രതിമയിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ് കുന്പനാട് സ്വദേശി ഹരികുമാർ.
ഇന്നലെ പത്തനംതിട്ട പ്രസ്ക്ലബിലെത്തിച്ചാണ് കലാഭവൻ മണിയുടെ പ്രതിമ ഹരികുമാർ അനാച്ഛാദനം ചെയ്തത്. രണ്ടു മാസം കൊണ്ടാണ് അദ്ദേഹം ശില്പം ഒരുക്കിയത്. മണിയുടെ ആരാധകരുടെ നിരന്തര അഭ്യർഥന മാനിച്ചാണ് ശില്പം നിർമിക്കാൻ തീരുമാനിച്ചതെന്ന് ഹരികുമാർ പറഞ്ഞു.
മുന്പ് മമ്മൂട്ടി, മോഹൻലാൽ, യേശുദാസ് , അബ്ദുൾകലാം തുടങ്ങിയവരുടെ മെഴുക് പ്രതിമകൾ നിർമിച്ച ഹരികുമാറിന് ഒട്ടേറെ ആരാധകരുണ്ട്. അവരെല്ലാം ഫേസ്ബുക്കിലൂടെയും അല്ലാതെയും നിരന്തരം ആവശ്യപ്പെട്ടതോടെയാണ് കലാഭവൻ മണിയുടെ ശില്പം നിർമിക്കുന്ന ജോലിയിലേക്ക് തിരിഞ്ഞത്.
30 കിലോഗ്രാം മെഴുകാണ് വേണ്ടി വന്നത്. 5.8 അടിയുള്ളതാണ് പ്രതിമ. 80,000 രൂപയോളം ഇതിന് ചെലവ് വന്നു. ലണ്ടനിൽ നിന്നാണ് മെഴുക് എത്തിച്ചത്.മെഴുകു പ്രതിമകളുടെ പ്രദർശനമാണ് ഹരികുമാറിന്റെ ജീവിതമാർഗം. മുന്പ് ഓയിൽ പെയിന്റംഗുകൾ ചെയ്തിരുന്ന ഈ കലാകാരൻ പിന്നീട് മെഴുകുപ്രതിമാ നിർമാണത്തിലേക്ക് തിരിയുകയായിരുന്നു.
ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പ്രതിമയാണ് ഇപ്പോൾ പണിപ്പുരയിൽ. പരേതനായ വലിയപറന്പിൽ സുകുമാരന്റെയും രാധയുടെയും മകനാണ്. ഭാര്യ: ഗീതു. മക്കൾ: ഗായത്രി, സിദ്ധാർഥ്.