കോഴഞ്ചേരി: മെഴുവേലിയെന്ന കാര്‍ഷിക ഗ്രാമത്തിന്റെ വികസനത്തിനു കൈയൊപ്പ് ചാര്‍ത്താന്‍ കെ.ആര്. ഗൗരിയമ്മയ്ക്ക് എന്നും താത്പര്യമായിരുന്നു. മെഴുവേലിയോടു ഗൗരിയമ്മയുടെ മനസില്‍ ഉണ്ടായ ആത്മബന്ധമാണ് ഇതിനു കാരണമെന്ന് മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ അനുസ്മരിക്കുന്നു.
ഒരുകാലത്ത് വികസനം എത്തപ്പെടാതെ കിടുന്ന മെഴുവേലിയില്‍ ടാര്‍ റോഡുകളും കെഎസ്ആര്‍ടിസി ബസുകളും എത്തിച്ച് അടിസ്ഥാന സൗകര്യമൊരുക്കിയത് ഗൗരിയമ്മയുടെ ഇടപെടലിലാണ്.
തന്റെ സഹോദരി കെ.ആര്. ഗോമതിയമ്മയെ മെഴുവേലിയിലേക്ക് വിവാഹം ചെയ്ത് അയച്ചതു മുതലാണ് ഈ ഗ്രാമത്തോട് അവരുടെ ഉള്ളില്‍ അറിഞ്ഞോ അറിയാതെയോ ഒരു പ്രത്യേക സ്നേഹം ഉടലെടുത്തത്.
മെഴുവേലി സ്വദേശി പി.എന്‍. ചന്ദ്രസേനനായിരുന്നു സഹോദരീഭര്‍ത്താവ്.1967 ലും 70 ലും ഇദ്ദേഹം ആറന്മുള മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധികരിച്ചിരുന്നു സരസകവി മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ സ്മൃതി മണ്ഡപമായ മൂലൂര്‍ സ്മാരകത്തിന് സര്‍ക്കാരില്‍ നിന്നു ശ്രദ്ധ ഉണ്ടായതും ഗൗരിയമ്മയുടെ ഇടപെടല്‍ കൊണ്ടാണ്.
താന്‍ കൈകാര്യം ചെയ്ത എല്ലാം വകുപ്പുകളില്‍ നിന്ന് എന്തെങ്കിലും ഒരു ചെറിയ കാര്യമെങ്കിലും ഗൗരിയമ്മ മെഴുവേലിയില്‍ ചെയ്തിരുന്നു.
മെഴുവേലിയില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായും ഗൗരിയമ്മയ്ക്ക് നല്ല ഒരു ആത്മബന്ധം ഉണ്ടായിരുന്നു. അവര്‍ ജെഎസ്എസ് രൂപീകരിച്ചപ്പോഴും മെഴുവേലിയില്‍ നിന്നു അപ്രതീക്ഷിത പിന്തുണ ലഭിച്ചു.