മറയൂർ: കാന്തല്ലൂരിനു സമീപം പുത്തൂർ ഗ്രാമത്തിൽ രണ്ടുമാസമായി എത്തുന്ന കരിങ്കുരങ്ങ് നാട്ടുകാർക്ക് ശല്യമാകുന്നു.
മന്നവൻചോല വനമേഖലയോടു ചേർന്ന കാർഷിക ഗ്രാമമാണ് പുത്തൂർ. ഗോത്ര സ്വഭാവത്തോടെ ഉൗരു ഗ്രാമത്തിന് സമാനമായാണ് ഇവിടെ വീടുകൾ.
ഒരാഴ്ചയായി ഗ്രാമീണർക്കുനേരെ ആക്രമണം പതിവാക്കിയിരിക്കുകയാണ് കരിങ്കുരങ്ങ്. കൂട്ടമല്ലാത്ത ഒറ്റകരിങ്കുരങ്ങാണ് നാട്ടുകാർക്ക് ശല്യമായി മാറിയിരിക്കുന്നത്.
ആദ്യനാളുകളിൽ കൃഷി സ്ഥലങ്ങളിലെത്തി കൃഷികൾ നശിപ്പിച്ചിരുന്ന കുരങ്ങ് ഇപ്പോൾ നാട്ടുകാർക്ക് ഉപദ്രവമായിരിക്കുകയുമാണ്.
കഴിഞ്ഞദിവസം പുത്തൂർ ഗ്രാമപത്തിലെ പരമന്റെ ഭാര്യ പപ്പാത്തി, രമാനാഥിന്റെ ഏഴുവയസുള്ള മകൾ എന്നിവർക്കുനേരെ കുരങ്ങിന്റെ ആക്രമണമുണ്ടായി.
കൃഷിപണികൾ ചെയ്തുകൊണ്ടിരുന്നവരാണ് കുരങ്ങിന്റെ ആക്രമണത്തിൽനിന്നും ഇവരെ രക്ഷിച്ചത്. കൃഷിയിടങ്ങളിലേക്ക് തനിച്ച് പോകാൻ കഴിയത്ത സാഹചര്യവുമാണ്.
വളരെ ഉയരംകൂടിയ വനമേഖലയിൽ മാത്രമാണ് നീലഗിരി ലംഗുർ എന്ന പേരിൽ അറിയപ്പെടുന്ന കരിങ്കുരങ്ങുകൾ കാണാറുള്ളത്. മനുഷ്യരുടെ സാന്നിധ്യമുണ്ടായാൽ ഉയരംകൂടിയ മരങ്ങളിലുടെ ഉൾക്കാടുകളിലേക്ക് ഒളിക്കുന്നതാണ് സാധാരണ സ്വഭാവ രീതി.
ഒറ്റതിരിഞ്ഞ് ഇത്തരത്തിൽ ജനവാസ കേന്ദ്രത്തിൽ എത്താറില്ല. നാട്ടുകാർക്ക് ഭീക്ഷണിയായ കുരങ്ങിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വനംവകുപ്പ് ഓഫീസിൽ പരാതി നൽകി.