കോതമംഗലം: 41-ാമത് മഹാത്മാഗാന്ധി സര്‍വകലാശാല അത്ലറ്റിക് മീറ്റില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിനു കിരീടം.
പുരുഷ വിഭാഗത്തില്‍ 208.5 പോയിന്റും, വനിതാ വിഭാഗത്തില്‍ 174.5 പോയിന്റും നേടിയാണ് എംഎ കോളജ് കിരീടം ഉറപ്പിച്ചത്.
113.5 പോയിന്റുമായി ചങ്ങനാശേരി എസ്ബി കോളജാണു പുരുഷ വിഭാഗത്തില്‍ രണ്ടാമത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് 92 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വനിതാ വിഭാഗത്തില്‍ 173.5 പോയിന്റു നേടി പാലാ അല്‍ഫോന്‍സാ രണ്ടാം സ്ഥാനവും, ചങ്ങനാശേരി അസംപ്ഷന്‍ 111 പോയിന്റു നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മേളയുടെ നാലുദിവസവും എതിരാളികളെ പിന്നിലാക്കി വ്യക്തമായ ആധിപത്യത്തോടെയായിരുന്നു എംഎ കോളജിന്റെ തേരോട്ടം. കായികാധ്യാപകരായ പ്രഫ. പി.ഐ. ബാബു, എം.എ. ജോര്‍ജ്, ഡോ. ജോര്‍ജ് ഇമ്മാനുവല്‍, പി.പി. പോള്‍, കെ.പി. അഖില്‍ എന്നിവരുടെ ശിക്ഷണത്തിലാണു താരങ്ങളെ മീറ്റിലെത്തിച്ചത്.
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ട്രാക്ക് ഇനങ്ങളും, കോതമംഗലം എംഎ കോളജ് ഗ്രൗണ്ടില്‍ ജമ്പ്, ത്രോ, മാരത്തോണ്‍ മത്സരങ്ങളുമാണ് നടന്നത്.
എംഎ കോളജ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. എ. ജോസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എംജി യൂണിവേഴ്സിറ്റി കായിക വകുപ്പ് ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
എംഎ കോളജ് അസോസിയേഷന് സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്, കായിക വിഭാഗം അധ്യാപിക അര്‍ച്ചന ഷാജി, എറണാകുളം മഹാരാജാസ് കോളജ് കായിക വിഭാഗം മേധാവി റീന ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.