ഗാന്ധിനഗർ: കോളജ് കാന്പസിൽ കയറി വിദ്യാർഥിയെ മർദിച്ചു. രണ്ടു യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. എംജി സർവകലാശാലയുടെ പുലരിക്കുന്നിലുള്ള സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈയ്ഡ് സയൻസിലെ നാലാം വർഷ ബിടെക് വിദ്യാർഥി ആലപ്പുഴ കാട്ടൂർ സ്വദേശി അർജുൻ (24) ആണ് മർദനത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചിന് കോളജ് കോന്പൗണ്ടിൽ വച്ചായിരുന്നു സംഭവം.
അർജുനും കൂട്ടുകാരും കൂടി കോളജ് കോന്പൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്പോൾ കോളജിന്റെ സമീപ പ്രദേശത്തെ താമസക്കാരായ രണ്ടു യുവാക്കൾ ഗ്രൗണ്ടിലെത്തി മർദിക്കുകയായിരുന്നു. യുവാക്കൾ മദ്യപിച്ചിരുന്നതായും പറയുന്നു. ആറു മാസം മുന്പു രണ്ട് യുവാക്കളിൽ ഒരാളെ പ്രതിചേർത്ത് ഗാന്ധിനഗർ പോലീസിൽ വിദ്യാർഥികൾ പരാതി നൽകിയിരുന്നു.
മദ്യപിച്ച ശേഷം കോളജ് കോന്പൗണ്ടിൽ കയറി വിദ്യാർഥികളെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു കേസ് നല്കിയത്. അർജുന്റെ നേതൃത്വത്തിലായിരുന്നു അന്നു പോലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് എതിർകക്ഷികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് നൽകി വിട്ടയച്ചിരുന്നു.
അന്ന് കേസ് കൊടുക്കുവാൻ നേതൃത്വം നൽകിയതിന്റെ പേരിലാണ് തന്നെ മർദിച്ചതെന്നു കാണിച്ച് അർജുൻ ഗാന്ധിനഗർ പോലീസിൽ പരാതി നൽകുകയും മെഡിക്കൽ കോളജിൽ ചികിത്സ തേടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും അർജുന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കോളജിന്റെ സമീപവാസികളായ രണ്ടു യുവാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.