കോട്ടയം: എംജി സർവകലാശാലയിൽ നിന്നും വേഗത്തിൽ സർട്ടിഫിക്കറ്റുകൾ വാങ്ങി നൽകാമെന്നു പറഞ്ഞു പണം തട്ടിയ ഇന്റർനെറ്റ് കടയുടമക്കെതിരെ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു. സർവകലാശാലയ്ക്കു മുന്നിലുള്ള സോഫ്റ്റ് ലൈൻ കംപ്യൂട്ടേഴ്സ് ഇന്റർനെറ്റ് ക്ലബ്ബിന്റെ ഉടമ വിജയനെതിരെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
എംജിയിലെ ബിരുദ സർട്ടിഫിക്കറ്റിന് ഓണ്ലൈനിൽ അപേക്ഷ സമർപ്പിക്കാൻ തന്റെ സ്ഥാപനത്തിൽ എത്തുന്ന വിദ്യാർഥികളോടു സർവകലാശാലയിൽ പിടിപാടുണ്ടെന്നും സർട്ടിഫിക്കറ്റുകൾ വേഗത്തിൽ സംഘടിപ്പിച്ചു തരാമെന്നും പറഞ്ഞാണു ഇയാൾ പണം തട്ടിയിരുന്നത്. 1200രൂപ ചെലവു വരുന്ന ബിരുദ സർട്ടിഫിക്കറ്റുകൾക്കു ഇയാൾ 1500 രൂപ വാങ്ങിയാണു തട്ടിപ്പു നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു.
സർട്ടിഫിക്കറ്റ് തപാലിൽ കിട്ടാൻ നാലുമാസം വേണമെന്നും സർവകലാശാലയിൽ അടയ്ക്കേണ്ട ഫീസും ചെറിയ തുക കമ്മീഷനും തന്നാൽ ഒരുമാസത്തിനകം സർട്ടിഫിക്കറ്റ് നേരിട്ട് വാങ്ങിത്തരാമെന്നുമാണു ഇയാൾ വിദ്യാർഥികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. പണം വാങ്ങിയവർക്കു ഇയാൾ കംപ്യൂട്ടർ സ്ഥാപനത്തിന്റെ പേരിൽ ബില്ലും കൊടുത്തിരുന്നു.
രണ്ടുമാസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ പണം നല്കിയ വിദ്യാർഥികൾ വിജയനെ ഫോണിൽ വിളിച്ചു സർട്ടിഫിക്കറ്റുകൾ ചോദിക്കുന്പോൾ ഒഴിഞ്ഞുമാറുകയും ഫോണ് കട്ടു ചെയ്യുകയുമായിരുന്നു ഇയാൾ ചെയ്തിരുന്നത്. തുടർന്നു വിദ്യാർഥികൾ ചേർന്നു അന്വേഷണം നടത്തുകയും കൂടുതൽ വിദ്യാർഥികൾക്കു സമാനമായ രീതിയിൽ തട്ടിപ്പിൽപ്പെട്ടിട്ടുണ്ടെന്നും മനസിലാക്കുകയായിരുന്നു.
പീന്നിടാണു മൂന്നു വിദ്യാർഥികൾ രേഖാമൂലം ഗാന്ധിനഗർ പോലീസിൽ പരാതി നല്കിയത്. വിദ്യാർഥികൾ സർവകലാശാല അധികൃതർക്കും പരാതി നല്കിയിട്ടുണ്ട്. സംഭവം പുറത്തു വന്നതോടെ കൂടുതൽ വിദ്യാർഥികൾ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.
വിജയനെതിരെ സർവകലാശാല മുന്പും പരാതി നല്കിയിട്ടുണ്ടെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.