ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് (72) നാലാം നിലയിൽനിന്നു വീണു മരിച്ചതാണെന്നു ഡൽഹി പോലീസ്.അപകട മരണമാണ്, സംഭവത്തിൽ ദുരൂഹതയൊന്നുമില്ല. ഡൽഹി ഈസ്റ്റ് കൈലാഷിലെ സ്വന്തം വസതിയുടെ നാലാം നിലയിൽനിന്നു വീണാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നു സൗത്ത് ഈസ്റ്റ് ഡിസിപി ആർ.പി. മീണ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 9.21നാണ് അപകടം സംബന്ധിച്ചു ഡൽഹി അമർ കോളനി പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. വീഴ്ച സംഭവിച്ച ഉടൻതന്നെ ജോർജിനെ ഡൽഹി ഫോർട്ടിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
മരണത്തിൽ അസ്വാഭാവികതകൾ ഒന്നും തന്നെ ഇല്ല. പ്രഥമദൃഷ്ട്യാ സംശയിക്കത്തക്കതായി ഒന്നും തന്നെയില്ല. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം നടക്കുന്പോൾ അദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു എന്നു വ്യക്തമായിട്ടുണ്ട്.
നാലാം നിലയിൽ ജോർജ് നിൽക്കുന്നതിന്റെ ദൃശ്യങ്ങളും സിസി ടിവി ഫൂട്ടേജുകളിൽ ഉണ്ട്.
കുടുംബാംഗങ്ങളുടെയും സാക്ഷികളുടെയും മൊഴികൾ എടുത്തിട്ടുണ്ട്. പരിസര പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.