കോട്ടയം: തിരുവാതിര ചുവടുകളോടെ അക്ഷര നഗരം അലത്താളത്തിൽ മുഴുകി. എംജി യൂണിവേഴ്സിറ്റി കലോത്സവം അലത്താളം 2019ന്റെ ആദ്യദിന മത്സര ഫലം പുറത്തു വന്നപ്പോൾ ഒന്നാം സമ്മാനം മൂന്നു കോളജുകൾ പങ്കിട്ടു. ഇന്നു പുലർച്ചെ അവസാനിച്ച തിരുവാതിര മത്സരത്തിൽ എറണാകുളം മഹാരാജാസ്, തൊടുപുഴ ന്യൂമാൻസ്, എറണാകുളം സെന്റ് തെരേസാസ് എന്നിവർ ഒന്നാം സമ്മാനം പങ്കിട്ടു. കോതമംഗലം മാർ അത്തനേഷ്യസ്, തൃപ്പൂണിത്തുറ ആർഎൽവി എന്നിവർ രണ്ടാം സമ്മാനം നേടി.
ഇന്നലെ രാത്രി 10ന് ആരംഭിച്ച തിരുവാതിര മത്സരം ഇന്നു പുലർച്ചെ 6.30നാണ് ആവസാനിച്ചത്. 50 ടീമുകൾ പങ്കെടുത്തു. ബസേലിയോസ്, സിഎംഎസ് കോളജുകളിലെ വേദികളിൽ ഇന്നലെ രാത്രി പത്തിന് ആരംഭിച്ച മൈം മത്സരം ഇന്നു രാവിലെ ഏഴരയ്ക്കാണ് അവസാനിച്ചത്. മത്സരാർഥികൾ എത്താൻ വൈകുന്നതാണ് കൃത്യ സമയത്ത് മത്സരം ആരംഭിക്കാൻ വൈകുന്നതെന്ന് സംഘാടകർ അറിയിച്ചു. ലക്ഷങ്ങൾ മുടക്കി വരുന്നവരെ മാനുഷിക പരിഗണന നല്കി മത്സരത്തിൽ പങ്കെടുപ്പിക്കുന്നതാണ് വൈകാൻ കാരണമെന്നും സംഘാടകർ പറയുന്നു.
ഘോഷയാത്രയെ തുടർന്ന് പ്രധാന വേദിയായ തിരുനക്കര മൈതാനത്തു ചേർന്ന സമ്മേളനത്തിൽ ചലച്ചിത്ര താരം ഹരിശ്രീ അശോകൻ കലോത്സവം ഉദ്ഘാടനം ചെയ്തു. സർവകലാശാല യൂണിയൻ ചെയർമാൻ എസ്. നിഖിൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം മിയ ജോർജ്, മോട്ടിവേഷൻ സ്പീക്കർ മോഡൽ തസ്വീർ മുഹമ്മദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സ്വാഗത സംഘം ചെയർമാൻ കെ. സുരേഷ്കുറുപ്പ് എംഎൽഎ, ആക്്ടിംഗ് വൈസ് ചാൻസലർ ഡോ. സാബു തോമസ്, സ്വാഗത സംഘം രക്ഷാധികാരി വി.എൻ. വാസവൻ, ജനറൽ കണ്‍വീനർ കെ.എം. അരുണ്‍, സിൻഡിക്കേറ്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
രാത്രി വൈകിയാണ് വേദികളിൽ മത്സരങ്ങൾ ആരംഭിച്ചത്. പ്രധാനവേദിയായ തിരുനക്കര മൈതാനത്ത് തിരുവാതിര ചുവടുകളോടെ കലയുടെ അലത്താളം ഉയർന്നപ്പോൾ രണ്ടാം വേദിയായ സിഎംഎസ് കോളജിൽ മൂകാഭിനയവും മൂന്നാം വേദിയായ ബസേലിയോസ് കോളജിൽ കേരള നടനവും നഗര രാത്രിക്ക് ദൃശ്യവിരുന്നൊരുക്കി. മത്സരാർഥികളുടെ ബാഹുല്യം മൂലം പുലർച്ചെയാണ് മത്സരങ്ങൾ അവസാനിച്ചത്. ഇന്ന് ഭരതനാട്യവും മോഹിനിയാട്ടവും മോണോ ആക്ടും സ്കിറ്റും കവിതാ പാരായണവുമൊക്കെയായി യുവ ആസ്വാദകർക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കും.